കേസ് അന്വേഷിക്കാൻ ഭ്രാന്തന്റെ വേഷത്തിൽ വന്ന സിഐഡി, തലയോലപ്പറമ്പിൽ എത്തിയ ഭായിയുടെ കഥ…
കോട്ടയം: ഭായി ജീവനിലയത്തിൽ എത്തുന്നതിനു മുൻപും എത്തിയ ശേഷവുമുള്ള ചിത്രം.
തലയോലപ്പറമ്പ് ∙ തെരുവോരങ്ങളിൽ അന്തിയുറങ്ങിയിരുന്ന ഭായി ഇനി ജീവ നിലയത്തിന്റെ സുരക്ഷിത കരങ്ങളിൽ. 35 വർഷം മുൻപ് തലയോലപ്പറമ്പിൽ എത്തിയ ഭായി എന്നു വിളിക്കുന്ന ബാൽകിഷൻ സിങ്ങിനെ വല്ലകം തുറുവേലിക്കുന്ന് ജീവ നിലയത്തിലാണ് എത്തിച്ചത്. മെഡിസിറ്റി സഹകരണ ആശുപത്രി പ്രസിഡന്റ് ഫിറോഷ് മാവുങ്കൽ, കാർളീൻ സ്റ്റുഡിയോ ഉടമ ചാർളി ജോസഫ്, തലയോലപ്പറമ്പ് എസ്എച്ച്ഒ പി.എസ്.ഷിജു എന്നിവരുടെ നേതൃത്വത്തിലാണ് ജീവ നിലയത്തിൽ എത്തിച്ചത്. ജീവ നിലയം സെക്രട്ടറി ജേക്കബ് പുതവേലിൽ ഭായിയെ പൂക്കൾ നൽകി സ്വീകരിച്ചു. ബാൽകിഷൻ സിങ് തലയോലപ്പറമ്പിൽ എത്തിയ കാലത്ത് കേസ് അന്വേഷിക്കാൻ വന്ന സിഐഡി ആണെന്നാണ് നാട്ടുകാർ വിശ്വസിച്ചിരുന്നത്.
മുൻപ് ഏതോ സിഐഡി ഭ്രാന്തന്റെ വേഷത്തിൽ എത്തി കള്ളനോട്ട്. കേസ് തെളിയിച്ചിരുന്നു. ഇതാണ് ഭായി സിഐഡി ആണെന്നു ജനത്തിനു സംശയം ഉണ്ടായത്. ഇഷ്ടമുള്ള വീടുകളിൽ നിന്നും കടകളിൽ നിന്നുമായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്. ഭായിയുടെ പടം തലയോലപ്പറമ്പിലെ ഒരു സ്റ്റുഡിയോയുടെ പരസ്യ ചിത്രം ആക്കിയതോടെ ഏറെ ശ്രദ്ധേയനായി. ആറ് വർഷം മുൻപ് മുളന്തുരുത്തി സ്വദേശിയുടെ പണവും രേഖകളും അടങ്ങിയ പഴ്സ് കിട്ടിയെങ്കിലും ഭായി അടുത്തുള്ള കടയിൽ ഏൽപിച്ച് ഉടമയെ കണ്ടെത്തി മടക്കി നൽകി. ഉടമ പാരിതോഷികം നൽകിയെങ്കിലും അത് വാങ്ങാതെ ഭായി മാതൃക കാട്ടിയിരുന്നു .
തലയോലപ്പറമ്പ് നിവാസികളുടെ കുടുംബാംഗം ആയി മാറിയ ഭായിയെ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് പഞ്ചായത്തംഗങ്ങളായ സജിമോൻ വർഗീസ്, എ.എം.അനി എന്നിവരുടെ നേതൃത്വത്തിൽ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രോഗം ഭേദമായ ഭായി കൊച്ചി ഐലൻഡിൽ കൂടി നടക്കുന്നതായി അറിഞ്ഞ് പൊതു പ്രവർത്തകനായ ഫിറോഷ് മാവുങ്കലിന്റെ നേതൃത്വത്തിൽ വീണ്ടെടുത്ത് തലയോലപ്പറമ്പിൽ എത്തിക്കുകയായിരുന്നു .വാർധക്യസഹജമായ ആരോഗ്യ പ്രശ്നം ഉള്ളതിനാൽ ഭായിക്കു തെരുവ് സുരക്ഷിതമല്ലെന്ന തിരിച്ചറിവാണ് ജീവ നിലയത്തിന്റെ സംരക്ഷണയിലേക്കു ഭായിയെ എത്തിച്ചത്.