ഔഫ് അബ്ദുറഹ്മാൻ കുടുംബസഹായ ഫണ്ട് കൈമാറി
കാഞ്ഞങ്ങാട്:മുസ്ലിംലീഗുകാർ കൊലപ്പെടുത്തിയ ഡിവൈഎഫ്ഐ കല്ലൂരാവി യൂണിറ്റ് കമ്മിറ്റി അംഗം ഔഫ് അബ്ദുറഹ്മാന്റെ കുടുംബത്തെ സഹായിക്കുന്നതിന് ഡിവൈഎഫ്ഐ സ്വരൂപിച്ച 68,63,068 രൂപ സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ വിതരണം ചെയ്തു. കാഞ്ഞങ്ങാട് പഴയകടപ്പുറത്ത് ചേർന്ന പൊതുസമ്മേളനത്തിലാണ് തുക ബന്ധുക്കൾ ഏറ്റുവാങ്ങിയത്. രണ്ടു ദിവസം ജില്ലയിലെ ഡിവൈഎഫ്ഐ പ്രവർത്തകർ വീടുകളിലും കടകളിലും സ്ഥാപനങ്ങളിലും ഹൂണ്ടികപ്പിരിവിലൂടെയാണ് തുക സമാഹരിച്ചത്. 45 ലക്ഷം രൂപ കുടുംബത്തിന് നേരിട്ട് നൽകി. ഔഫ് അബ്ദുറഹ്മാന്റെ ഉമ്മ കെ പി ആയിഷയുടെ പേരിൽ കോട്ടച്ചേരി സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ച പത്തു ലക്ഷം രൂപയുടെ രേഖ, ഭാര്യ ഷാഹിനയുടെ പേരിൽ നിക്ഷേപിച്ച പത്തുലക്ഷം രൂപയുടെ രേഖ, പിറക്കാനിരിക്കുന്ന കുഞ്ഞിന്റെ പേരിൽ സംയുക്ത അക്കൗണ്ടിൽ സ്ഥിരനിക്ഷേപം നടത്തിയ 25 ലക്ഷത്തിന്റെ രേഖ എന്നിവ അബദുറഹ്മാൻ ഔഫിന്റെ അമ്മാവൻ അബ്ദുൾഖാദർ, ഷാഹിനയുടെ സഹോദരൻ ആഷിഖ് എന്നിവർ ഏറ്റുവാങ്ങി. ബാക്കി തുക ഔഫിന്റെ സ്മാരകമായി പഴയകടപ്പുറത്ത് സ്ഥാപിക്കുന്ന ഗ്രന്ഥാലയം നിർമാണത്തിനും ഔഫിന്റെ കേസ് നടത്തിപ്പിനും ചെലവഴിക്കുമെന്ന് ഡിവൈഎഫ്ഐ ജില്ലാ നേതാക്കൾ അറിയിച്ചു. ഫണ്ട് കൈമാറുന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് പി കെ നിഷാന്ത് അധ്യക്ഷനായി. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരൻ, ജില്ലാസെക്രട്ടറി എം വി ബാലകൃഷ്ണൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി അപ്പുക്കുട്ടൻ, എം പൊക്ലൻ, വി വി രമേശൻ, ഏരിയാസെക്രട്ടറി കെ രാജ്മോഹനൻ, ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ എസ് കെ സജീഷ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ രേവതി കുമ്പള, കെ സബീഷ്, രതീഷ് നെല്ലിക്കാട്ട്, ബ്ലോക്ക് ഭാരവാഹികളായ എൻ പ്രിയേഷ്, വിപിൻ കാറ്റാടി, വാർഡ് മെമ്പർ, ഫൗസിയ ഷെരീഫ് എന്നിവർ പങ്കെടുത്തു. ജില്ലാസെക്രട്ടറി സി ജെ സജിത്ത് സ്വാഗതം പറഞ്ഞു.