കോഴിക്കോട് കാപ്പന് യുഡിഎഫിലെത്തിയാല്‍ ശശീന്ദ്രനെ യുഡിഎഫ് പൂട്ടും, എലത്തൂരില്‍ കരുത്തനെ ഇറക്കും,
കോഴിക്കോട്: എകെ ശശീന്ദ്രനെതിരെ വന്‍ നീക്കവുമായി കോണ്‍ഗ്രസ്. എന്‍സിപിയിലെ രാഷ്ട്രീയ പ്രതിസന്ധി മുതലെടുക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. മാണി സി കാപ്പന് യുഡിഎഫിലെത്തിയാല്‍ ഉടന്‍ ശശീന്ദ്രനെതിരെ ശക്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ ഇറക്കും. അതും എന്‍സിപിയിലെ ഒരു വിഭാഗത്തിലെ നേതാവിനെ തന്നെയാണ് ഇറക്കുക. ഇതിലൂടെ വോട്ട് ഭിന്നിക്കാന്‍ കൂടിയുള്ള തന്ത്രമാണ് കോണ്‍ഗ്രസ് പയറ്റുന്നത്. എന്‍സിപിയിലെ നല്ലൊരു ഭാഗം ഇടതുമുന്നണി വിടുന്നതോടെ ശശീന്ദ്രന് മത്സരിക്കുന്ന എലത്തൂരില്‍ വോട്ട് ചോര്‍ച്ചയുണ്ടാവുമെന്ന് യുഡിഎഫ് വിലയിരുത്തുന്നുണ്ട്.
കാപ്പന് യുഡിഎഫിലെത്തിയാല്‍ എലത്തൂരില്‍ മന്ത്രി എകെ ശശീന്ദ്രനെതിരെ എന്‍സിപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി എം ആലിക്കോയയെ രംഗത്തിറക്കാക്കാനാണ് യുഡിഎഫിന്റെ ശ്രമം. എന്‍സിപി മൊത്തമായി യുഡിഎഫിലേക്ക് പോകുമെന്ന് വ്യക്തമായിട്ടില്ല. പക്ഷേ പീതാംബരന് അടക്കമുള്ളവര്‍ യുഡിഎഫുമായി സഹകരിക്കാന്‍ തയ്യാറാണ്. കോഴിക്കോട്ടെ കോണ്‍ഗ്രസ് നേതൃത്വത്തിന് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ആലിക്കോയയെ മത്സരിപ്പിക്കുമെന്ന സൂചന നല്‍കിയിട്ടുണ്ട്. സിപിഎമ്മിന്റെ ശക്തമായ കോട്ടയാണ് എലത്തൂര്‍. ഇവിടെ എന്‍സിപി വോട്ടുകള്‍ ഉണ്ടോ എന്ന് മാത്രമാണ് അറിയാനുള്ളത്.
വര്‍ഷങ്ങളായി എന്‍സിപിയില്‍ ശശീന്ദ്രനുമായി ഇടഞ്ഞ് നില്‍ക്കുകയാണ് ആലിക്കോയ. എന്‍സിപി എല്‍ഡിഎഫ് വിട്ടാലും ഇല്ലെങ്കിലും മാണി സി കാപ്പനോടൊപ്പം പോകാന്‍ ആലിക്കോയ തയ്യാറാണ്. പക്ഷേ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാവാന്‍ തയ്യാറാവുമോയെന്ന് വ്യക്തമല്ല. മുന്നണി വിട്ടാല്‍ മലബാറില്‍ അടക്കം എന്‍സിപി ക്ക് നേട്ടമുണ്ടാകുമോ എന്ന് വ്യക്തമല്ല. നേരത്തെ ബാലുശ്ശേരിയില്‍ എസി ഷണ്മുഖദാസ് തുടര്‍ച്ചയായി മത്സരിച്ച് ജയിച്ചിരുന്നു. തുടര്‍ന്ന് ഈ മണ്ഡലം സംവരണ മണ്ഡലമായി മാറിയപ്പോള്‍ എന്‍സിപി കളം വിടുകയായിരുന്നു. തുടര്‍ന്നാണ് എലത്തൂര്‍ ലഭിച്ചത്. ആ സമയത്ത് ആലിക്കോയയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് അന്ന് എന്‍സിപിയില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. പക്ഷേ പിന്നീട് പരിഗണിക്കപ്പെട്ടില്ല.
ബംഗാളിൽ ഇടതുപക്ഷത്തിന്റെയും കോൺഗ്രസിന്റെയും 12 മണിക്കൂർ ബന്ദ്- ചിത്രങ്ങൾ
അതേസമയം എന്‍സിപിയില്‍ നിന്ന് എലത്തൂര്‍ തിരിച്ച് പിടിക്കണമെന്ന ശക്തമായ ആവശ്യത്തിലാണ് സിപിഎം. എന്നാല്‍ ഇത്തവണ അത്തരമൊരു ഉദ്ദേശമില്ലെന്ന് സിപിഎം വ്യക്തമാക്കിയിരുന്നു. എലത്തൂര്‍ കൈവിടാന്‍ ആലോചിക്കുന്നില്ലെന്നും ശശീന്ദ്രന് പറഞ്ഞിരുന്നു. കോണ്‍ഗ്രസ് ഇവിടെ ബാലകൃഷ്ണന് കിടാവ്, യുവി ദിനേഷ് മണി എന്നിവരെയും പരിഗണിക്കുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസിന് തീര്‍ത്തും സാധ്യത കുറവാണ്. എന്‍സിപിയിലെ തര്‍ക്കത്തില്‍ ശശീന്ദ്രന്റെ ഭാഗം കൂടി കേട്ട ശേഷമേ തീരുമാനമുണ്ടാവൂ എന്നാണ് ശരത് പവാര്‍ പറഞ്ഞിരിക്കുന്നത്. അദ്ദേഹത്തെ ദില്ലിക്ക് വിളിപ്പിച്ചിരിക്കുകയാണ്. എല്‍ഡിഎഫില്‍ തന്നെ ഉറച്ചുനില്‍ക്കുമെന്നും ശശീന്ദ്രന് പറഞ്ഞു.