കോഴിക്കോട്: കാപ്സ്യൂള്‍ രൂപത്തിലാക്കി സ്വര്‍ണംകടത്തിയ രണ്ട് കാസര്‍കോട് സ്വദേശികളെയും ഒരു മംഗളൂരു സ്വദേശിയെയും കരിപ്പൂരില്‍ എയര്‍ കസ്റ്റംസ് അറസ്റ്റു ചെയ്തു. ദുബൈയില്‍ നിന്ന് എയര്‍ഇന്ത്യ എക്സ്പ്രസിലെത്തിയ കാസര്‍കോട് സ്വദേശി അബ്ബാസ് മുഹമ്മദ്, മംഗളൂരു സ്വദേശി ഇബ്രാഹിം മെര്‍ല എന്നിവരില്‍ നിന്ന് 1,243 ഗ്രാം സ്വര്‍ണവും മസ്കറ്റില്‍ നിന്നും ഒമാന്‍ എയര്‍ വിമാനത്തിലെത്തിയ കാസര്‍കോട് സ്വദേശി അബ്ദുല്‍ ഹമീദില്‍ നിന്ന് 497 ഗ്രാം സ്വര്‍ണ മിശ്രിതവും പിടികൂടുകയായിരുന്നു.
ശരീരത്തിനകത്ത് ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ദുബൈയില്‍ നിന്നെത്തിയ ഇന്‍ഡിഗോ വിമാനത്തിന്റെ സീറ്റിനടിയില്‍ നിന്നാണ് 466 ഗ്രാം സ്വര്‍ണം കണ്ടെത്തിയത്. സീറ്റിനടിയില്‍ നാല് സ്വര്‍ണ ബിസ്കറ്റുകളാണുണ്ടായിരുന്നത്.
അസി. കമ്മീഷണര്‍ സുരേന്ദ്രനാഥ്, സൂപ്രണ്ടുമാരായ സി സി ഹാന്‍സണ്‍, കെ സുധീര്‍, ഇന്‍സ്പെക്ടര്‍മാരായ എം ജയന്, എന്‍ വി നായിക്, നീല്‍കമല്‍, ജി നരേഷ്, ശിവാനി, ഹെഡ് ഹവില്‍ദാര്‍മാരായ എം എല്‍ രവീന്ദ്രന്, ചന്ദ്രന് എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണം പിടിച്ചത്.