1800ലധികം താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള കേരളാബാങ്ക് നീക്കത്തിന് തിരിച്ചടി
താത്കാലിക ജീവനക്കാരെ എത്രയും വേഗം സ്ഥിരപ്പെടുത്താനുള്ള കേരളാബാങ്ക് നീക്കത്തിന് തിരിച്ചടി. സഹകരണ സെക്രട്ടറിയുടെ എതിർപ്പ് വന്നതോടെ ഇനി വീണ്ടും ബോർഡ് യോഗം ചേരണം. സഹകണ രജിസ്ട്രാർ വഴി ശുപാർശ നൽകണം എന്ന നിർദ്ദേശവും ബാങ്കിന് തിരിച്ചടിയാണ്. അതേസമയം തിങ്കളാഴ്ചത്തെ പ്രത്യേക മന്ത്രിസഭാ യോഗത്തിന് മുന്നോടിയായി അവധിദിവസങ്ങളിലും ഉദ്യോഗസ്ഥരോട് എത്താൻ നിർദ്ദേശിച്ചിട്ടുണ്ട്.
1800ലധികം പേരെ സ്ഥിരപ്പെടുത്താനുള്ള കേരളാബാങ്ക് നീക്കത്തിന് കുരുക്കിട്ടത് സഹകരണ സെക്രട്ടറിയുടെ എതിർപ്പാണ്. കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാതെ കേരളാ ബാങ്ക് സിഇഒയാണ് സർക്കാരിന് ശുപാർശ നൽകിയത്. പത്ത് വർഷത്തിന് താഴെയുള്ളവരും ഉൾപ്പെട്ട ലിസ്റ്റിൽ സഹകരണ രജിസ്ട്രാറുടെ അംഗീകാരവും കേരളാ ബാങ്ക് തേടിയില്ല. ബോർഡ് തീരുമാനം അപ്പാടെ സർക്കാരിന് ശുപാർശയായി നൽകി സഹകരണ രജിസ്ട്രാറുടെ ഇടപെടൽ ഒഴിവാക്കാനാണ് കേരള ബാങ്ക് ശ്രമിച്ചത്.
എന്നാൽ ഇത് സഹകരണ വകുപ്പ് തടഞ്ഞതോടെ കേരളാ ബാങ്ക് നീക്കം പൊളിഞ്ഞു. എത്രയും വേഗം കടമ്പകൾ പൂർത്തിയാക്കാനുള്ള ശ്രമങ്ങളും പാളി. കേരളാ ബാങ്ക് സിഇഒ നൽകിയ ശുപാർശ സഹകരണ സെക്രട്ടറി മടക്കിയതോടെ കേരളാ ബാങ്ക് വീണ്ടും യോഗം ചേരണം. ഒപ്പം മുഴുവൻ പട്ടികയും സഹകരണ രജിസ്ട്രാറുടെ പരിശോധനക്കും എത്തും എന്നതും തിരിച്ചടി.സ്ഥിരനിയമനത്തിനായി ചട്ടങ്ങൾ പാലിച്ചോ എന്ന് രജിസ്ട്രാർ പരിശോധിക്കുന്നതോടെ പട്ടികയിലെ പലരും പുറത്താകും എന്നതാണ് കേരളാ ബാങ്കിന് മുന്നിലെ വെല്ലുവിളി.
തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പ് പട്ടികക്ക് അംഗീകാരം ലഭിക്കുമോ എന്നതും അനിശ്ചിതത്വത്തിലായി.അതെ സമയം മറ്റ് സ്ഥാപനങ്ങളിൽ കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കങ്ങൾ തകൃതിയാണ്. തിങ്കളാഴ്ചത്തെ പ്രത്യേക മന്ത്രിസഭാ യോഗത്തിൽ പത്തിലധികം സ്ഥാപനങ്ങളുടെ ശുപാർശകളാണ് പരിഗണനക്കെത്തുന്നത്.
നടപടികൾ വേഗത്തിലാക്കാൻ അവധി ദിവസം ഉദ്യോഗസ്ഥരോട് ജോലിക്കെത്താൻ നിർദ്ദേശിച്ചതും വിചിത്രമാണ്. ഉദ്യോഗാർത്ഥികളുടെ ശക്തമായ പ്രതിഷേധവും നിയമവകുപ്പിന്റെ എതിർപ്പും അവഗണിച്ച് മന്ത്രിസഭാ അംഗീകാരത്തിലൂടെ പിൻവാതിൽ നിയമനങ്ങൾ തുടരാനാണ് സർക്കാർ തീരുമാനം