മകളുടെ വിവാഹാഭരണങ്ങള്‍ ട്രെയിനില്‍ മറന്നു വച്ച് നാദിര്‍ഷായും കുടുംബവും;റെയില്‍വേ ജീവനക്കാരുടെ സമയോചിതമായ ഇടപെടലില്‍ തിരികെ ലഭിച്ചു
കൊച്ചി: രണ്ട് ദിവസം മുമ്പായിരുന്നു നടനും സംവിധായകനുമായ നാദിര്‍ഷയുടെ മകള്‍ ആയിഷയുടെ വിവാഹം. മലയാളത്തിലെ പ്രമുഖ താരങ്ങളുടെയടക്കം സാന്നിധ്യത്തില്‍ വളരെ ആഘോഷപൂര്‍വ്വമായിരുന്നു വിവാഹച്ചടങ്ങുകള്‍ നടന്നത്. എന്നാല്‍ ഈ സന്തോഷ നിമിഷങ്ങള്‍ക്കിടയിലും കുടുംബത്തെ ആശങ്കയിലാക്കി ഒരു സംഭവം നടന്നു. കാസര്‍കോഡ് വച്ചായിരുന്നു വിവാഹച്ചടങ്ങുകള്‍ ഇതിനായി ട്രെയിനില്‍ യാത്ര തിരിച്ച കുടുംബം വിവാഹാഭരണങ്ങളും വസ്ത്രങ്ങളും അടങ്ങിയ ബാഗ് ട്രെയിനില്‍ വച്ച് മറക്കുകയായിരുന്നു.
നിക്കാഹ് ചടങ്ങുകള്‍ക്കായി വ്യാഴാഴ്ച രാവിലെ മലബാര്‍ എക്സ്പ്രസിലാണ് കുടുംബം കാസര്‍കോഡ് എത്തിയത്. ട്രെയിനില്‍ നിന്നും ഇറങ്ങിയ ശേഷം മാത്രമാണ് ആഭരണങ്ങളടങ്ങിയ ബാഗ് എടുത്തില്ലെന്ന കാര്യം ഓര്‍ത്തത്. അപ്പോഴേക്കും ട്രെയിന്‍ സ്റ്റേഷന് വിട്ടിരുന്നു. ഉടന്‍ തന്നെ നാദിര്‍ഷ കാസര്‍കോഡ് റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. ആര്.പി.എഫ്. അപ്പോള്‍ തന്നെ ട്രാവലിങ് ടിക്കറ്റ് ഇന്‍സ്പെക്ടറും ബാച്ച് ഇന്‍ ചാര്‍ജുമായ എം. മുരളീധരന് വിവരം കൈമാറി.
അദ്ദേഹം നടത്തിയ പരിശോധനയില്‍ കുടുംബം സഞ്ചരിച്ച എ-വണ്‍ കോച്ചിലെ . 41-ാമത്തെ സീറ്റിനടിയില്‍ നിന്നും ബാഗ് കണ്ടെത്തി. ആര്.പി.ഫ് എ.എസ്.ഐ ബിനോയ് കുര്യന് കോണ്‍സ്റ്റബിള്‍ സുരേശന് എന്നിവരുടെ പക്കല്‍ ബാഗ് കൈമാറി. തീവണ്ടി മംഗാലപുരത്തെത്തിയപ്പോള്‍ നാദിര്‍ഷായുടെ ബന്ധുവിനെ ബാഗ് ഏല്‍പ്പിക്കുകയായിരുന്നു. റെയില്‍വേ ജീവനക്കാരുടെ സമയോചിതമായ ഇടപെടലിലൂടെ കാര്യങ്ങള്‍ ശുഭപര്യവസാനിക്കുകയും ചെയ്തു.
പല ദിവസങ്ങളിലായാണ് ആയിഷയുടെ വിവാഹ ആഘോഷ ചടങ്ങുകള്‍ നടന്നത്. നാദിര്‍ഷയുടെ അടുത്ത സുഹൃത്ത് ദിലീപ്, കാവ്യാ മാധവന്, ദിലീപിന്റെ മകളും ആയിഷയുടെ അടുത്ത സുഹൃത്തുമായ മീനാക്ഷി, നടി നമിത പ്രമോദ് തുടങ്ങിയവരാണ് ചടങ്ങിലെ താരസാന്നിധ്യമായി നിറഞ്ഞു നിന്നത്.
മിമിക്രി കാലം മുതലേ ആരംഭിച്ച സൗഹൃദമാണ് ദിലീപും നാദിര്‍ഷായും തമ്മില്‍. നാദിര്‍ഷാ അടുത്തതായി സംവിധാനം ചെയ്യുന്ന ‘കേശു ഈ വീടിന്റെ നാഥന്’ എന്ന സിനിമയില്‍ ദിലീപ് നായകനാണ്. ഇരുവരെയും പോലെ തന്നെയാണ് രണ്ടു പേരുടെയും മക്കളും തമ്മിലുള്ള കൂട്ടുകെട്ടും.