യുഡിഎഫുമായി നേരത്തെ ധാരണ ഉണ്ടാക്കി; കാപ്പന് എംഎല്‍എ സ്ഥാനം രാജിവെക്കണം: ശശീന്ദ്രന്
കോഴിക്കോട്: മാണി സി കാപ്പനെ എംഎല്‍എയാക്കാന്‍ അഹോരാത്രം പാടുപെട്ട ഇടതുപക്ഷജനാധിപത്യമുന്നണിയുടെ ആയിരക്കണക്കിന് പ്രവര്‍ത്തകരോട് കാണിക്കുന്ന അനീതിയാണ് യുഡിഎഫില്‍ ചേരുന്നതായുള്ള പ്രഖ്യാപനമെന്ന് മന്ത്രി എ കെ ശശീന്ദ്രന്. എന്‍സിപി എല്‍ഡിഎഫ് വിടുന്ന കാര്യത്തില്‍ ദേശീയ നേതൃത്വം തീരുമാനമെടുക്കാനിരിക്കുന്നതായി മാണി സി.കാപ്പന് തന്നെ പറയുകയും അതേ സമയം മറ്റൊരു മുന്നണിയില്‍ ചേരുന്നതായി പ്രഖ്യാപിക്കുകയും ചെയ്യുന്നത് അങ്ങേയറ്റം അനുചിതമായ നടപടിയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മാണി സി കാപ്പന്റെ നിലപാട് പാര്‍ട്ടിയിലുള്ളവരെ അദ്ഭുതപ്പെടുത്തുന്നതാണെന്ന് എ.കെ ശശീന്ദ്രന് പറഞ്ഞു. പാര്‍ട്ടി നേതൃത്വം ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്നുവെന്ന് തന്നെ അവകാശപ്പെടുകയും ആ ചര്‍ച്ചയ്ക്ക് കാത്തിരിക്കാതെ സ്വയം തീരുമാനമെടുക്കാനുണ്ടായ അടിയന്തരാവസ്ഥ എന്താണെന്ന് മാണി സി.കാപ്പന് തന്നെ പൊതു സമൂഹത്തോട് വിശദീകരിക്കണമെന്നും ശശീന്ദ്രന് അഭിപ്രായപ്പെട്ടു.
ദേശീയ നേതൃത്വം എന്തു തീരുമാനമെടുത്താലും താന്‍ യുഡിഎഫിലേക്ക് പോകുമെന്നുള്ള മാണി സി.കാപ്പന്റെ പ്രഖ്യാപനത്തില്‍ നിന്ന് യുഡിഎഫുമായി നേരത്തേ തന്നെ കരാര്‍ ഉണ്ടാക്കിയതായി മനസിലാക്കാമെന്നും ഒരു മുന്നണിയില്‍ നില്‍ക്കെ മറ്റൊരു മുന്നണിയുമായി രഹസ്യ ചര്‍ച്ചകള്‍ നടത്തുന്നത് തികച്ചും അധാര്‍മികമായ പ്രവൃത്തിയാണെന്നും ജനങ്ങളോട് ചെയ്യുന്ന വഞ്ചനയാണെന്നും ശശീന്ദ്രന് കുറ്റപ്പെടുത്തി