സിപിഐ മന്ത്രിമാരില്‍ ഇ ചന്ദ്രശേഖരന് കാഞ്ഞങ്ങാട്ട് വീണ്ടും മത്സരിക്കും
തിരുവനന്തപുരം: മൂന്നു തവണ മത്സരിച്ചവര്‍ക്ക് വീണ്ടും സീറ്റ് നല്‍കേണ്ടതില്ലെന്ന് സിപിഐയില്‍ ധാരണ. ഇന്ന് ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗമാണ് മൂന്നു ടേം നിബന്ധന കര്‍ശനമായി പാലിക്കാന്‍ തീരുമാനിച്ചത്. മൂന്നുതവണ മത്സരിച്ച ആര്‍ക്കും ഇളവുണ്ടാകില്ല. ഇതനുസരിച്ച് സിപിഐ മന്ത്രിമാരില്‍ ഇ ചന്ദ്രശേഖരന് മാത്രമാകും വീണ്ടും മത്സരിക്കുക. കാഞ്ഞങ്ങാട് തന്നെ അദ്ദേഹം വീണ്ടും ജനവിധി തേടും.
മൂന്നു ടേമായവര്ക്ക് ഇളവില്ലാത്തതിനാല്‍ ആറ് എംഎല്‍എമാര്‍ ഈ തിരഞ്ഞെടുപ്പില്‍ മത്സരരംഗത്തുണ്ടാവില്ല, വി.എസ് സുനില്‍കുമാര്‍(തൃശൂര്‍),കെ. രാജു(പുനലൂര്‍), പി തിലോത്തമന്(ചേര്‍ത്തല), ഇ.എസ് ബിജിമോള്‍(പീരുമേട്), സി ദിവാകരന്(നെടുമങ്ങാട്), മുല്ലക്കര രത്നാകരന്(ചടയമംഗലം) എന്നീ എംഎല്‍എമാര്‍ക്ക് സീറ്റുണ്ടാവില്ല.
17 എംഎല്‍എമാരാണ് നിലവില്‍ സിപിഐക്കുള്ളത്. ഇതില്‍ 11 പേര്‍ക്ക് ഈ മാനദണ്ഡപ്രകാരം മത്സരിക്കാം. എങ്കിലും ഇവര്‍ എല്ലാവരും മത്സരിക്കുമോ എന്ന് വ്യക്തമല്ല. ജി.എസ് ജയലാല്‍(ചാത്തന്നൂര്‍) ഇ.കെ വിജയന്(നാദാപുരം), വി.ശശി(ചിറയന്‍കീഴ്) രണ്ട് ടേം പൂര്‍ത്തിയാക്കിയ ഈ മൂന്നുപേരില്‍ ഒന്നോ രണ്ടോ പേര്‍ക്ക് പകരവും പുതുമുഖങ്ങള്‍ വരാനുള്ള സാധ്യതയുമുണ്ട്.