മുൻ മന്ത്രി ദിനേശ് ത്രിവേദി രാജ്യസഭ അംഗത്വം രാജി വച്ചു; മമതയോട് തെറ്റിയെന്ന് സൂചന, ബിജെപിയിലേക്ക് പോയേക്കും?
ഡൽഹി : മുൻ കേന്ദ്ര റെയിൽമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ ദിനേശ് ത്രിവേദി രാജ്യസഭ അംഗത്വം രാജി വച്ചു. രാജ്യസഭയിൽ അദ്ദേഹം രാജി പ്രഖ്യാപിക്കുകയായിരുന്നു. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായുള്ള ഭിന്നത കാരണമാണ് രാജിയെന്നാണ് സൂചന.
അദ്ദേഹം ബിജെപിയിൽ ചേരുമെന്ന് അഭ്യൂഹങ്ങളുയരുന്നുണ്ട്. മമത-ബിജെപി പോര് രൂക്ഷമാകുന്നതിനിടെയാണ് ദിനേശ് ത്രിവേദിയുടെ രാജി എന്നതും ശ്രദ്ധേയമാണ്.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ പശ്ചിമബംഗാളിൽ രാഷ്ട്രീയ കൊടുങ്കാറ്റ് ആഞ്ഞടിക്കുന്ന അവസ്ഥയാണ്. സംസ്ഥാനത്ത് പരിവര്‍ത്തൻ റാലിക്ക് തുടക്കം കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഇന്നലെ പറഞ്ഞത് നിയമസഭ തെരഞ്ഞെടുപ്പ് അവസാനിക്കും മുമ്പ് മമതാ ബാനര്‍ജി ജയ് ശ്രീറാം വിളിച്ചിരിക്കുമെന്നാണ്. ബിജെപിക്ക് എത്ര ഗോളടിക്കാനാകുമെന്ന് കാത്തിരുന്ന് കാണാമെന്നായിരുന്നു മമത ബാനര്‍ജിയുടെ മറുപടി.
ബിജെപിയും ഇടതുപക്ഷവും കോണ്‍ഗ്രസും ഒന്നിച്ചുനിന്നാലും ബംഗാളിൽ ഒന്നും സംഭവിക്കില്ല. പശ്ചിമബംഗാളിൽ കലാപം ഉണ്ടാക്കാൻ ബിജെപിയെ അനുവദിക്കില്ല. ഇവിടെ ബിജെപി ഗോളടിക്കില്ല. ഗോൾ കീപ്പര്‍ താനാണ് എന്നും മമത പറഞ്ഞു.