കുഞ്ഞാലിക്കുട്ടിയുമായി അഭിപ്രായ വ്യത്യാസമുണ്ട്, മുഖ്യമന്ത്രി അന്തക വിത്ത്, കാസർകോട്ടേക്കില്ല , അഴീക്കോട് മണ്ഡലത്തില്‍ വീണ്ടും മത്സരിക്കും , തുറന്നടിച്ച് കെഎം ഷാജി
കണ്ണൂര്‍: മുസ്ലീം ലീഗിലെ റിബലാണ് താനെന്ന് അറിയപ്പെടുന്നതില്‍ സന്തോഷം മാത്രമേയുള്ളൂവെന്ന് കെഎം ഷാജി. അഴീക്കോട് മണ്ഡലത്തില്‍ സജീവമായതിന് പിന്നാലെ നിലപാടുകള്‍ പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. കേരളത്തിന്റെ അന്തക വിത്താണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ഷാജി തുറന്നടിച്ചു. തന്നോട് കാണിക്കുന്ന വ്യക്തി വൈരാഗ്യത്തിനൊന്നും കൈയ്യും കണക്കുമില്ല. ഇങ്ങനെ വൈരം കാണിക്കുന്ന ഒരാള്‍ കേരള രാഷ്ട്രീയത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്നും ഷാജി പറഞ്ഞു. അദ്ദേത്തിനെതിരെയുള്ള കേസുകള്‍ രാഷ്ട്രീയപ്രേരിതമാണെന്ന് ഷാജി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഷാജി അഴീക്കോട് മണ്ഡലത്തില്‍ വീണ്ടും മത്സരിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് സജീവമായത്. ഷാജിയെ അഴീക്കോട് നിന്ന് മാറ്റാന്‍ മുസ്ലീം ലീഗ് നേതൃത്വം തീരുമാനിച്ചിരുന്നു. അദ്ദേഹത്തിനെതിരെയുള്ള അഴിമതി ആരോപണങ്ങള്‍ തിരിച്ചടിയാവുമെന്ന വിലയിരുത്തലിനെ തുടര്‍ന്നായിരുന്നു ഈ നീക്കം. എന്നാല്‍ പകരം മത്സരിപ്പിക്കാന്‍ ശ്രമിച്ചിരുന്ന കണ്ണൂര്‍ മണ്ഡലം വിട്ടുതരാനാവില്ലെന്ന് കോണ്‍ഗ്രസ് അറിയിച്ചതോടെ ഷാജിയെ അഴീക്കോട് തന്നെ മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കാസര്‍കോട് മണ്ഡലത്തിലും ഷാജിയെ മത്സരിപ്പിക്കാനുള്ള നീക്കം പരാജയപ്പെട്ടിരുന്നു.
താന്‍ ഇത്തവണയും അഴീക്കോട് തന്നെ മത്സരിക്കും. മാറാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഷാജി പറഞ്ഞു. തനിക്കെതിരെയുള്ള അനധികൃത സ്വത്ത് സമ്ബാദനക്കേസ് രാഷ്ട്രീയപ്രേരിതമാണ്. ഇഞ്ചി കൃഷി ചെയ്ത് തന്നെയാണ് പണം സമ്ബാദിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം അഴീക്കോടാണ് തന്റെ ഏറ്റവും സുരക്ഷിത മണ്ഡലം. ആരോപണങ്ങളൊന്നും തന്നെ ബാധിക്കില്ല. ഈ ആരോപണങ്ങളെ പേടിച്ച് അഴീക്കോട് നിന്ന് പിന്മാറിയാല് അത് വലിയ ക്ഷീണമാകുമെന്നും ഷാജി പറഞ്ഞു. അതേസമയം ലീഗ് നേതൃത്വത്തില്‍ തനിക്കുള്ള അഭിപ്രായ വ്യത്യാസം പറയാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി പറഞ്ഞാല്‍ താന്‍ അഴീക്കോട് നിന്ന് മത്സരിക്കുന്നതില്‍ നിന്ന് മാറും. അതേസമയം കാസര്‍കോടേക്ക് മാറാന്‍ ശ്രമിച്ചെന്ന പ്രചാരണം തെറ്റാണെന്നും ഷാജി വ്യക്തമാക്കി. പാര്‍ട്ടിക്കുള്ളില്‍ റിബലാണ് താനെന്ന വിമര്‍ശനം ഒരു അലങ്കാരമാണ്. കുഞ്ഞാലിക്കുട്ടിയുമായി തനിക്ക് അഭിപ്രായ വ്യത്യാസമുണ്ട്. പക്ഷേ അത് ആശയപരമാണ്. അദ്ദേഹത്തിനോടുള്ള എതിര്‍പ്പുകള്‍ നേരിട്ട് പറയാറുണ്ട്. പാര്‍ട്ടിക്കുള്ളില്‍ റിബല്‍ ആണെന്നത് മാധ്യമ വാര്‍ത്തകളില്‍ സന്തുഷ്ടനാണ്. സിപിഎമ്മില്‍ അത്തരമൊരു തുറന്നുപറച്ചിലിന് അവസരമുണ്ടോ? ഏതെങ്കിലും യുവനേതാവിന് സിപിഎമ്മിനുള്ളില്‍ അത്തരമൊരു വിമര്‍ശനം ഉന്നയിക്കാന്‍ സാധിക്കുമോയെന്നും ഷാജി ചോദിച്ചു.