മംഗളൂരുവില്‍ റാഗിംഗ്; കാസര്‍കോട് സ്വദേശികളടക്കം പതിനൊന്ന് മലയാളി വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍
മംഗളൂരു:മംഗളൂരുവില്‍ റാഗിംഗ് നടത്തിയെന്ന പരാതിയില്‍ പതിനൊന്ന് മലയാളി വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. കണിച്ചൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ വിദ്യാര്‍ത്ഥികളാണ് അറസ്റ്റിലായത്. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ അഞ്ച് പേരെയാണ് ഇവര്‍ റാഗ് ചെയ്തത്. റാഗിംഗിന് ഇരയായതും മലയാളി വിദ്യാര്‍ത്ഥികളാണ്. പതിനെട്ട് വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തുവെന്നാണ് കോളജ് അധികൃതര്‍ പൊലീസിന് നല്കിയ പരാതി. ഇതില്‍ പതിനൊന്ന് വിദ്യാര്‍ത്ഥികള്‍ നേരത്തേ റാഗ് ചെയ്തുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, മലപ്പുറം, കാസര്‍ഗോഡ് സ്വദേശികളാണ് അറസ്റ്റിലായത്. മുടിവെട്ടാനും മീശവടിക്കാനുമാണ് ഇവര്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടത്. ഒപ്പം തീപ്പെട്ടിക്കൊള്ളികള്‍ എണ്ണുവാനും അത് ഉപയോഗിച്ച് മുറിയുടെ അളവെടുക്കാനും ഇവര്‍ ആവശ്യപ്പെട്ടതായാണ് ലഭിക്കുന്ന വിവരം. അനുസരിക്കാത്തവരെ മുറിയില്‍ പൂട്ടിയിടുകയും ആക്രമിക്കുകയും ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്കെതിരെ കര്‍ണാടക വിദ്യാഭ്യാസ നിയമത്തിലെ കൂടുതല്‍ വകുപ്പുകള്‍ കൂടി ചുമത്തും.