കാസർകോട്; മഞ്ചേശ്വരം ഉപതെരഞ്ഞടുപ്പിന്റെ ഭാഗമായി വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ കുടുംബശ്രീ ഭക്ഷണ സൗകര്യമൊരുക്കും. പോളിങ് ബൂത്തുകളില്‍ ചുമതലയുള്ള തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണവും കുടിവെള്ളവും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ കുടുംബശ്രീ ജില്ലാമിഷന് എത്തിച്ചു നല്‍കും. കൂടാതെ വോട്ടെടുപ്പ് കേന്ദ്രങ്ങളിലെ ശുചിത്വ സംവിധാനവും കുടുംബശ്രീയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഗ്രാമങ്ങളില്‍ ഇലക്ഷന് സമയങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണം ലഭ്യമാക്കുന്നതിന് സൗകര്യമൊരുക്കാന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബുവിന്റെ നിര്‍ദേശപ്രകാരമാണ് കുടുംബശ്രീ മുഖേന ഭക്ഷണ നല്‍കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
പോളിങ് ബൂത്തുകളില്‍ എത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് ഒരു ദിവസം അഞ്ചുനേരത്തെ ഭക്ഷണം മിതമായ നിരക്കില്‍ വിതരണം ചെയ്യും.
20ന് വൈകീട്ട് പോളിങ് ബൂത്തില്‍ എത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് നാലു മണിക്ക് ചായയും ലഘുഭക്ഷണവും രാത്രി 8.30ന് ഭക്ഷണവും നല്‍കും. തുടര്‍ന്ന് 21ന് രാവിലെ 5.30ന് ചായയും 8.30ന് പ്രഭാതഭക്ഷണവും 11ന് ചായയും ലഘുഭക്ഷണവും ഒരു മണിക്ക് ഉച്ചഭക്ഷണവും 3.30ന് ചായയും സ്നാക്സും നല്‍കും. തുടര്‍ന്ന് വോട്ടിങ് പൂര്‍ത്തിയായി വോട്ടിങ് സാധനസാമഗ്രികള്‍ ഏല്‍പ്പിക്കുന്ന സ്വീകരണ കേന്ദ്രത്തിലെത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ ഭക്ഷണവും ഒരുക്കും. ഇഡ്ലി, വട, ദോശ, പുട്ട്, വെള്ളയപ്പം, കടല, സാമ്പാര്‍ എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആവശ്യമുള്ളത് തെരഞ്ഞെടുക്കാം. ഉച്ചഭക്ഷണത്തിന് വെജ് ബിരിയാണി, ചിക്കന്‍ ബിരിയാണി, കഞ്ഞിയും ചമ്മന്തിയും എന്നിങ്ങനെയാണ് നല്‍കുന്നത്. രാത്രിയില്‍ ചപ്പാത്തിയും വെജിറ്റബിള്‍ കറിയും ലഭിക്കും. ആവശ്യക്കാര്‍ക്ക് ചുക്ക് കാപ്പിയും ലഭിക്കും. വോട്ടെണ്ണല്‍ ദിവസവും പൈവളികെ നഗര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ‘കുടുംബശ്രീ ഭക്ഷണം ലഭ്യമാക്കും.