ജയില്‍മോചിതനായി കമറുദ്ദീന്;’നടന്നത് വലിയ ഗൂഢാലോചന, കാലം മാപ്പുനല്‍കില്ല’
കാഞ്ഞങ്ങാട്: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍പ്പെട്ട് ജയിലിലായിരുന്ന എം.സി.കമറുദ്ദീന് എംഎല്‍എ ജയില്‍മോചിതനായി. തന്റെ അറസ്റ്റിനു പിന്നില്‍ വലിയ ഗൂഢാലോചനയായിരുന്നുവെന്നും രാഷ്ട്രീയമായി തകര്‍ക്കാനുള്ള ശ്രമമാണു നടന്നതെന്നും അദ്ദേഹം പറഞ്ഞു. 148 കേസുകളില്‍ ജാമ്യം ലഭിച്ചതിനെത്തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നാണ് കമറുദ്ദീന് മോചിതനായത്. 2020 നവംബര്‍ ഏഴിനായിരുന്നു പ്രത്യേക അന്വേഷണ സംഘം കമറുദ്ദീനെ അറസ്റ്റ് ചെയ്തത്.
‘എന്നെ രണ്ടു മൂന്നു മാസക്കാലം പൂട്ടിയിട്ടു. എന്നെ പൂട്ടുക എന്നതു മാത്രമായിരുന്നു അറസ്റ്റിനു പിന്നിലെ ലക്ഷ്യം. അല്ലാതെ പണം നേടിയെടുക്കുക എന്നതായിരുന്നില്ല. എന്നാല്‍ ഇതിലൊന്നും പരിഭവമില്ല. പക്ഷേ ജനം സത്യം മനസ്സിലാക്കും. ഏകദേശം 42 വര്‍ഷക്കാലം കറ പുരളാത്ത കരങ്ങളുമായി രാഷ്ട്രീയത്തിലുണ്ടായിരുന്നു. എന്നെ കുരുക്കിലാക്കിയവര്‍ക്ക് കാലം മാപ്പു നല്‍കില്ല, ചരിത്രം മാപ്പു നല്‍കില്ല. അവര്‍ കനത്ത വില നല്‍കേണ്ടി വരും’ എംഎല്‍എ പറഞ്ഞു.
രാഷ്ട്രീയത്തില്‍പ്പെട്ടവര്‍ തെങ്ങുകയറ്റക്കാരെപ്പോലെയാണെന്ന് സി.എച്ച്.മുഹമ്മദ് കോയ പറഞ്ഞിട്ടുണ്ട്. മഞ്ചേശ്വരത്തെ ഭൂരിപക്ഷം വര്‍ധിച്ച നാള് മുതലാണ് തനിക്കു നേരെ ആക്രമണം തുടങ്ങിയത്. മുസ്ലിം ലീഗ് അധ്യക്ഷന്‍ ഹൈദലി ശിഹാബ് തങ്ങളാണ് ഇനിയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടതെന്നും കമറുദ്ദീന് വ്യക്തമാക്കി. 96 ദിവസത്തെ ജയില്‍വാസത്തിനു ശേഷമാണ് കമറുദ്ദീന് പുറത്തിറങ്ങുന്നത്.