ഇന്ത്യയിലല്ലാതെ പാക്കിസ്ഥാനിലാണോ രാമമന്ത്രം മുഴങ്ങേണ്ടത്; തെരഞ്ഞെടുപ്പ് കഴിയുമ്പോഴേക്കുംമമതയും ജയ് ശ്രീറാം വിളിച്ചിരിക്കുമെന്ന് അമിത്ഷാ
കൊല്‍ക്കത്ത : വരാന്‍ പോകുന്ന ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരേ കടുത്ത വിമര്‍ശനവുമായി കേന്ദ്ര മന്ത്രി അമിത് ഷാ രംഗത്ത്. പ്രധാനമന്ത്രിയുടെ വികസന മാതൃകയും മമതയുടെ നശീകരണ മാതൃകയും തമ്മിലുള്ള മത്സരമായിരിക്കും വരാന്‍ പോകുന്ന ബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പെന്നാണ് അമിത് ഷാ പറഞ്ഞത്. ഉത്തര ബംഗാളിലെ കൂച്ച് ബെഹാറില്‍ നടത്തിയ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ 294 സീറ്റുകളില്‍ 200 സീറ്റുകളും നേടാനുള്ള തയ്യാറെടുപ്പാണ് അമിത് ഷായുടെ നേതൃത്വത്തില്‍ ബംഗാളില്‍ നടക്കുന്നത്. മാത്രവുമല്ല കഴിഞ്ഞ തിരഞ്ഞെടുപ്പു ഘട്ടങ്ങളിലെല്ലാം സംസ്ഥാനത്ത് ചര്‍ച്ചാ വിഷയമായ ജയ്ശ്രീറാം വിളിയും ഇത്തവണ വീണ്ടും അമിത് ഷാ ചര്‍ച്ചാ വിഷയമാക്കിയിട്ടുണ്ട്.
‘ജയ് ശ്രീ റാം ഇന്ത്യയില്‍ മുഴക്കിയില്ലെങ്കില്‍ പിന്നെ അത് പാകിസ്ഥാനില്‍ മുഴക്കുമോ’ എന്ന് അമിത് ഷാ പരിഹസിച്ചു കൊണ്ട് ചോദിച്ചു. ജയ് ശ്രീറാം വിളി കേട്ടാല്‍ മമത ബാനര്‍ജിക്ക് ദേഷ്യമാണെന്നും എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുമ്പോഴേക്കും അവര്‍ അത് ചൊല്ലാന്‍ തുടങ്ങുമെന്നും മമതയെ പരിഹസിച്ച് അമിത് ഷാ പറഞ്ഞു.