സൽക്കാരത്തിന് പോയി തിരിച്ചെത്തിയ യുവതി ആത്മഹത്യ ചെയ്തു; ദുരൂഹതയെന്ന് ബന്ധുക്കൾ;
കാഞ്ഞങ്ങാട്: ഭർത്താവിനോടൊപ്പം ബന്ധുവീട്ടിൽ സൽക്കാരത്തിന് പോയി മടങ്ങിവന്ന യുവതിയെ വീടിന്റെ രണ്ടാംനിലയിൽ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാറപ്പള്ളി മഖാമിന് സമീപത്തെ റസാഖിന്റെ ഭാര്യ നൗഫിറ(24)യെ യാണ് ഭർതൃവീട്ടിന്റെ രണ്ടാം നിലയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഇന്നലെ രാത്രി ബന്ധുവീട്ടിലെ സൽക്കാരചടങ്ങിൽ പങ്കെടുത്ത് പുലർച്ചെ ഒരു മണിയോടെ വീട്ടിൽ തിരിച്ചെത്തിയ ഇവർ രണ്ടാംനിലയിലെ മുറിയിൽ ഉറങ്ങാൻ കിടന്നതായിരുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. ഇന്ന് പുലർച്ചെ റസാഖ് ചായകുടിക്കാനായി താഴത്തെ നിലയിലിറങ്ങി പിന്നീട് തിരിച്ചു ചെന്നപ്പോഴാണ് നൗഫിറയെ തൂങ്ങിമരിച്ച നിലയിൽ കണ്ടതെന്നാണ് ഭർത്താവ് റസാഖ് പറയുന്നത്. ഉടനെ തന്നെ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാൽ കണ്ണൂർ മിംസ്
ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അമ്പലത്തറ പോലീസ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു .അർമീസ് (മൂന്നര), ഐറ (ഒന്നര) എന്നിവർ മക്കളാണ്. പാണത്തൂർ ഏരത്തെ മുഹമ്മദ്കുഞ്ഞിയുടെ മകളാണ് നൗഫിറ . സഹോദരി: നിലോഫർ.