ആരോഗ്യവകുപ്പിൻ്റെ വാഹനത്തിൽ കേരള സർക്കാർ എന്ന് ബോർഡ്; പിഴ ചുമത്തി ഗതാഗത വകുപ്പ്
മൂലമറ്റം ∙ ആരോഗ്യവകുപ്പിന്റെ വാഹനത്തിൽ കേരള സർക്കാർ എന്ന ബോർഡ്. പെയിന്റടിച്ച് ബോർഡ് മായിച്ച് ഗതാഗത വകുപ്പ്. അറക്കുളം ഗവ.ആശുപത്രിയിലെ വാഹനത്തിലാണ് കേരള സർക്കാർ എന്ന പേര് ബോർഡ് സ്ഥാപിച്ചത്. ഗതാഗത വകുപ്പിന്റെ ഉത്തരവ് അനുസരിച്ച് വകുപ്പിന്റെയും സ്ഥാപനത്തിന്റെ പേരും മാത്രമേ ബോർഡിൽ രേഖപ്പെടുത്താവൂ. കേരള സർക്കാർ എന്ന് ബോർഡിൽ രേഖപ്പെടുത്തിയതിനു എതിരെയാണു നടപടി. കേരള സർക്കാർ എന്ന് പ്രദർശിപ്പിക്കാവുന്നത് മന്ത്രിമാർക്കും പ്രത്യേക അനുമതി കിട്ടിയ ഉദ്യോഗസ്ഥർക്കും മാത്രമാണ് . 250 രൂപ പിഴയും ചുമത്തി.
എൻഫോഴ്സ്മെന്റ് ആർടിഒ കെ.ഹരികൃഷ്ണന്റെ നിർദേശ പ്രകാരമാണ് നടപടി. പരിശോധനയ്ക്ക് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ വി. അനിൽകുമാർ, അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾസ് ഇൻസ്പെക്ടർമാരായ നിസാർ ഹനീഫ, ദിപു പോൾ, കെ.പി. ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി .