ബിജെപിക്ക് കനത്ത തിരിച്ചടി ; ശബരിമല നാമജപ ഘോഷയാത്ര ചെയർമാൻ സിപിഎമ്മിലേക്ക്
പത്തനംതിട്ട : ശബരിമല വിഷയത്തിൽ നാമജപ ഘോഷയാത്രയ്ക്ക് പന്തളത്ത് നേതൃത്വം നൽകിയ നേതാവ് അടക്കം നിരവധി പേർ സിപിഎമ്മിലേക്ക്. ധർമസംരക്ഷണ സമിതി ചെയർമാനും ബിജെപി നേതാവുമായ എസ് കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സിപിഎമ്മിൽ ചേരുന്നത്. പന്തളത്ത് ഇന്ന് നടക്കുന്ന യോഗത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ ഇവരെ പാർട്ടിയിലേക്ക് സ്വീകരിക്കും.
ബിഎംഎസ് മേഖലാ ജോ. സെക്രട്ടറി എം സി സദാശിവൻ, ബിജെപി മുനിസിപ്പൽ കമ്മിറ്റി വൈസ് പ്രസിഡന്റ് എം ആർ മനോജ് കുമാർ, ബാലഗോകുലം മുൻ താലൂക്ക് സെക്രട്ടറി അജയകുമാർ വാളാകോട്ട്, മുനിസിപ്പൽ കമ്മിറ്റി മുൻ വൈസ് പ്രസിഡന്റ് സുരേഷ്, മഹിളാ മോർച്ച ആറന്മുള നിയോജകമണ്ഡലം സെക്രട്ടറി ശ്രീലത എന്നിവരടക്കം മുപ്പതിലധികം നേതാക്കളും പ്രവർത്തകരുമാണ് ബിജെപി വിട്ടത്.
ശബരിമല വിഷയത്തിൽ പന്തളത്ത് നാമജപ ഘോഷയാത്ര നടത്തിയതിനുപിന്നിലെ ബുദ്ധിയും ആസൂത്രണവും കൃഷ്ണകുമാറിന്റേതായിരുന്നു. സംഘർഷത്തിൽ കൃഷ്ണകുമാറിനെതിരെ കേസെടുക്കുകയും ജയിലിൽ അടയ്ക്കുകയുംചെയ്തു. എന്നാൽ ബിജെപി ഉന്നത നേതാക്കൾ പിന്നെ കൃഷ്ണകുമാറിനെ തിരിഞ്ഞുനോക്കിയില്ല. ഇതിൽ കടുത്ത അതൃപ്തിയിലായിരുന്നു.