കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി മഹാരാഷ്ട്ര
മുംബൈ : കേരളത്തില്‍ നിന്നു മഹാരാഷ്ട്രയിലെത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ കേരളത്തിലായിരിക്കെ കരുതല്‍ നടപടിയുടെ ഭാഗമായാണിതെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു. ആര്‍ടി-പിസിആര്‍ പരിശോധനാഫലമാണ് വേണ്ടത്.
വിമാന യാത്രക്കാര്‍:
മഹാരാഷ്ട്രയിലേക്കു യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധനയുടെ ഫലമാണു വേണ്ടത്. നെഗറ്റീവ് ഫലമുളളവര്ക്ക് യാത്ര ചെയ്യാം. പരിശോധന നടത്താതെ മഹാരാഷ്ട്രയിലെത്തുന്നവരെ വിമാനത്താവളങ്ങളില്‍ ആര്‍ടി-പിസിആര്‍ പരിശോധനയ്ക്കു വിധേയമാക്കും. അതിന്റെ ചെലവു യാത്രക്കാരന് വഹിക്കണം.
ട്രെയിന്‍ യാത്രക്കാര്‍:
മഹാരാഷ്ട്രയിലേക്കു പുറപ്പെടുന്നതിന് 96 മണിക്കൂറിനകം നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ടാണ് വേണ്ടത്. നെഗറ്റീവ് ഫലമുള്ളവര്ക്കു യാത്ര ചെയ്യാം. പരിശോധന നടത്താതെ എത്തുന്നവരെ അതതു റെയില്‍വേ സ്റ്റേഷനുകളില്‍ സ്ക്രീനിങ്ങിനു വിധേയമാക്കും. അതില്‍, കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തും. ഫലം പോസിറ്റീവ് ആണെങ്കില്‍ കോവിഡ് ചികില്‍സാ കേന്ദ്രത്തിലേക്കു മാറ്റും. ചെലവ് സ്വയം വഹിക്കണം.
റോഡ് യാത്രക്കാര്‍:
മഹാരാഷ്ട്ര അതിര്‍ത്തിയില്‍ റോഡ് യാത്രക്കാരെ കോവിഡ് ലക്ഷണങ്ങള്‍ സംബന്ധിച്ച സ്ക്രീനിങ് നടത്തിയ ശേഷമാകും കടത്തിവിടുക.