കാലിത്തീറ്റയിൽ മായം കലർത്തിയാൽ രണ്ട് ലക്ഷം പിഴ, ലൈസൻസും റദ്ദാക്കും , കേരള സർക്കാർ.ഓർഡിനൻസിന്റെകരട് മന്ത്രിസഭ അംഗീകരിച്ചു
തിരുവനന്തപുരം:മായം കലർത്തിയുള്ള ഭക്ഷ്യവസ്തുക്കൾ വ്യാപകമാവുമ്പോൾ കന്നുകാലികളുടെ തീറ്റയിൽ മായം ചേർക്കുന്നവരെ പൂട്ടാനുള്ള ശക്തമായ നടപടികൾ ആരംഭിച്ചിരിക്കുകയാണ് കേരള സർക്കാർ. ഇതിന്റെ ആദ്യപടിയെന്നോണം പുതിയ നിയമം കൊണ്ടുവരും. കാലിത്തീറ്റയിലും കോഴിത്തീറ്റയിലും മായം കലർത്തിയതായി തെളിഞ്ഞാൽ കുറഞ്ഞത് അമ്പതിനായിരം മുതൽ രണ്ട് ലക്ഷം വരെ തുക പിഴയായി ഈടാക്കും, ഇതിനൊപ്പം കാലിത്തീറ്റ വിപണനക്കാരുടെ ലൈസൻസും റദ്ദാക്കും. ഓർഡിനൻസിന്റെ കരട് കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ അംഗീകരിച്ചു. ദി കേരള ലൈവ് സ്റ്റോക്ക്, പൗൾട്രി ഫീഡ് ആൻഡ് മിനറൽ മിക്സ്ചർ റഗുലേഷൻ ഓഫ് മാനുഫാക്ചർ ആൻഡ് സെയിൽ ഓർഡിനൻസ്’ എന്ന പേരിലുള്ള ഓർഡിനൻസ് ഗവർണർ അംഗീകരിക്കുന്ന മുറയ്ക്ക് ചട്ടങ്ങൾ രൂപപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്.കാലിത്തീറ്റ, കോഴിത്തീറ്റ, ധാതുലവണ മിശ്രിതം എന്നിവയുടെ നിർമ്മാണവും വിതരണവും നിയന്ത്രണത്തിലാക്കി ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാനാണ് ഓർഡിനൻസിലൂടെ സർക്കാർ ഉദ്ദേശിക്കുന്നത്. ഈ ഭക്ഷ്യവസ്തുക്കളുടെ പായ്ക്കറ്റിന് പുറത്ത് എന്തൊക്കെ വസ്തുക്കളാണ്, എത്ര അളവിലാണ് നിർമ്മാണത്തിനായി ഉപയോഗിച്ചിട്ടുള്ളതെന്ന് രേഖപ്പെടുത്തും. രാജ്യത്ത് ആദ്യമായിട്ടാണ് ഇത്തരത്തിൽ ഒരു നിയമം കൊണ്ട് വരുന്നതെന്ന് മന്ത്രി കെ രാജു അഭിപ്രായപ്പെട്ടു.