വിതുര പെണ്‍വാണിഭ കേസ്: ഒന്നാം പ്രതി സുരേഷ് കുറ്റക്കാരന്‍; ശിക്ഷ നാളെ
കോട്ടയം: വിതുര പെണ്‍വാണിഭ കേസില്‍ ഒന്നാം പ്രതി സുരേഷ് കുറ്റക്കാരനെന്ന് കോട്ടയം ജില്ലാ അഡിഷണല്‍ സെഷന്‍സ് കോടതി. തടവില്‍ പാര്‍പ്പിക്കല്‍, അനാശാസ്യം, പെണ്‍കുട്ടിയെ ആളുകള്‍ക്ക് കൈമാറല്‍ എന്നീ കുറ്റങ്ങള്‍ പ്രതി ചെയ്തതായി കോടതി കണ്ടെത്തി. ശിക്ഷ നാളെ വിധിക്കും. കൊല്ലം കടയ്ക്കല്‍ സ്വദേശിയാണ് സുരേഷ്.
കേസെടുത്ത് പതിനെട്ട് വര്‍ഷത്തിന് ശേഷം കീഴടങ്ങിയ സുരേഷ് ഒരു വര്‍ഷത്തെ ജയില്‍ വാസത്തിനു ശേഷം ജാമ്യത്തിലിരിക്കെ 2014ല്‍ ഒളിവില്‍ പോയി. ആ സമയത്ത് കേസില്‍ പെണ്‍കുട്ടിയുടെ വിസ്താരം കഴിഞ്ഞിരുന്നില്ല. ഇതോടെ കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. 2019 ജൂണിലാണ് ക്രൈംബ്രാഞ്ച് ഇയാളെ ഹൈദരാബാദില്‍ നിന്ന് പിടികൂടിയത്. ആകെ 21 കേസുകളില്‍ സുരേഷിനെ കോട്ടയം അഡീഷണല്‍ സെഷന്‍സ് സ്പെഷ്യല്‍ കോടതി പിടികിട്ടാപുള്ളി ആയി പ്രഖ്യാപിച്ചിരുന്നു.
1995 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വിതുര സ്വദേശിയായ അജിത പെണ്‍കുട്ടിക്ക് ജോലി വാഗ്ധാനം ചെയ്ത് സുരേഷിന് കൈമാറുകയായിരുന്നുവെന്നാണ് കേസ്. പിന്നീട് സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ പെണ്‍കുട്ടിയെ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.