ഉദ്ഘാടനത്തിന് യോഗി, പിന്നാലെ ഷാ, സമാപനത്തിന് മോഡി ; കേരളത്തില്‍ സീറ്റുപിടിക്കാന്‍ ബിജെപി ദേശീയ നേതാക്കളുടെ തേരോട്ടം..
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ സീറ്റുപിടിക്കല് ലക്ഷ്യമിട്ട് ബിജെപിയുടെ ദേശീയ നേതാക്കളുടെ വന്‍പട കേരളത്തിലെത്തും. സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന് നടത്തുന്ന വിജയയാത്രയില്‍ ഉദ്ഘാടനത്തിന് യോഗി ആദിത്യനാഥും പിന്നാലെ അമിത്ഷായും സമാപനത്തിന് നരേന്ദ്രമോഡിയും എത്തും. ഫെബ്രുവരി 21 നാണ് യാത്ര ആരംഭിക്കുന്നത്. യോഗി ആദിത്യനാഥിന്റെ സൗകര്യാര്‍ത്ഥമാണ് ഉദ്ഘാടന ദിവസം തീരുമാനിച്ചത്.
പിന്നാലെയെത്തുന്ന ആഭ്യന്തരമന്ത്രി അമിത്ഷായും തുടക്കത്തില്‍ എത്തുന്ന യോഗി ആദിത്യനാഥും യാത്രയില്‍ കൂടുതല്‍ ദിവസം ചെലവഴിക്കും. ഇവര്‍ക്കൊപ്പം കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് കളംമാറ്റിയ യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യേയേയും യാത്രയുടെ ഭാഗമാക്കാന്‍ ആലോചനയുണ്ട്. യുവമോര്‍ച്ചാ ദേശീയ അദ്ധ്യക്ഷന്‍ തേജസ്വീ സൂര്യ, മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാന്, കേന്ദ്രമന്ത്രി സ്മൃതി ഇറാനി, ദേശീയ അദ്ധ്യന്‍ ജെ.പി. നദ്ദ എന്നിവരെയും സംസ്ഥാനത്ത് എത്തിച്ചേക്കും.
യാത്രയുടെ സമാപന സമ്മേളനം തിരുവനന്തപുരത്ത് ആണ് നടക്കുക. പ്രധാനമന്ത്രിയെ ഈ പരിപാടിയില്‍ പങ്കെടുപ്പിക്കാനാണ് ആലോചിക്കുന്നത്. കേരളത്തില്‍ പ്രചരണം നടത്തേണ്ട നേതാക്കളുടെ പട്ടിക നേരത്തേ ബിജെപിയുടെ സംസ്ഥാന നേതൃത്വം കേന്ദ്രത്തിന് കൈമാറിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ കിട്ടിയ മികച്ച മുന്നേറ്റം നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടാക്കി മാറ്റാനാണ് ബിജെപിയുടെ ഉന്നം.
ഇത്തവണ എല്‍ഡിഎഫ് – യുഡിഎഫ് മത്സരമല്ല എന്നും തങ്ങള്‍ മത്സരിക്കുന്നതും ഭരണം പിടിക്കാന്‍ വേണ്ടിയാണെന്നുമാണ് ബിജെപി നേരത്തേ തന്നെ പ്രഖ്യാപിച്ചിരിക്കുന്നത്. ബംഗാളിനൊപ്പം ബിജെപി ലക്ഷ്യമിട്ടിരിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. കോണ്‍ഗ്രസിനെ നിഷ്പ്രഭമാക്കി ഉത്തരേന്ത്യയില്‍ മികച്ച വേരോട്ടം നടത്താന്‍ പാര്‍ട്ടിയ്ക്ക് കഴിഞ്ഞിട്ടുണ്ടെങ്കിലും കര്‍ണാടക ഒഴികെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ പിടികൊടുക്കാതെ നില്‍ക്കുന്നത് ബിജെപിയ്ക്ക് തിരിച്ചടിയാണ്. തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടിലും കേരളത്തിലും മികച്ച വിജയം നേടാനാണ് നീക്കം.