കേരളത്തില്‍ രോഗവ്യാപനം കുറവ്, കോവിഡ് ബാധിച്ചത് പത്തിലൊരാള്‍ക്ക്; ഉയര്‍ന്ന രോഗവ്യാപന സാധ്യത തുടരുന്നു മുഖ്യമന്ത്രി
തിരുവനന്തപുരം: 2020 ഡിസംബര്‍ മാസത്തിലെ ഐസിഎംആര്‍ സിറോ സര്‍വേ പ്രകാരം കേരളത്തില്‍ ഇതുവരെ കോവിഡ് വന്നുപോയത് പത്തിലൊരാള്‍ക്ക് മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ദേശീയതലത്തില്‍ ഇത് നാലില്‍ ഒന്ന് എന്ന നിലയിലാണ്. കേരളത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശരിയായ ദിശയിലാണെന്നാണ് സിറോ സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
രാജ്യത്തെ മറ്റ് പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ രോഗവ്യാപനം കുറവാണ്. അത് അടിവരയിട്ടു തെളിയിക്കുന്ന പഠനമാണ് ഐസിഎംആര്‍ പുറത്തുവിട്ടത്. കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മികവിലേക്കാണ് ഈ പഠനം വിരല്‍ ചൂണ്ടുന്നത്. എന്നാല്‍ ഇതിന് മറ്റൊരു വശം കൂടിയുണ്ട്. അതായത് രോഗം പിടിപെടാന്‍ സാധ്യതയുള്ള കൂടുതല്‍ ആളുകള്‍ കേരളത്തിലുണ്ട്. അതിനാല്‍ ജാഗ്രത ഇനിയും തുടരണം. സമൂഹത്തിലെ മുഴുവന്‍ പേര്‍ക്ക് കോവിഡ് വാക്സിന് ലഭ്യമാവുന്നതുവരെ രോഗം വരാതെ പിടിച്ചുനിര്‍ത്തേണ്ടത് അനിവാര്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
2020 മെയ് മാസത്തില്‍ 1000ല്‍ 7 പേര്‍ക്ക് ഇന്ത്യയില്‍ കോവിഡ് വന്നിരുന്നു. കേരളത്തില്‍ 1000ല്‍ 3 പേര്‍ക്കാണ് രോഗം വന്നുപോയത്. ഓഗസ്റ്റിലെ സര്‍വേയില്‍ ദേശീയ തലത്തില്‍ 1000ല്‍ 66 പേര്‍ക്ക് രോഗം വന്നതായി കണ്ടെത്തി. അതേസമയം കേരളത്തില്‍ 1000ല്‍ 8 പേര്‍ക്കാണ് രോഗം വന്നതായി കണ്ടെത്തിയത്. പിന്നീട് കേരളത്തില്‍ രോഗികള്‍ കൂടി. ഒക്ടോബറിലുണ്ടായ പീക്ക് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര് ചികിത്സയിലുണ്ടായിരുന്നത് ജനുവരി 24നാണ്. പിന്നീട് ഫെബ്രുവരിയില്‍ രോഗികളുടെ എണ്ണം കുറഞ്ഞു. ഇപ്പോള്‍ കേസുകള്‍ കുറഞ്ഞുവരുന്ന പ്രവണതയാണ് കാണുന്നത്.
രോഗത്തിന്റെ വ്യാപനം കുറയ്ക്കാനാണ് നാം ശ്രമിക്കുന്നത്. എന്നാല്‍ ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളില്‍ രോഗികള്‍ കുറഞ്ഞുവെന്നും കേരളത്തില്‍ മാത്രമാണ് രോഗമുള്ളത് എന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. സര്‍ക്കാര്‍ നടത്തുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഇടിച്ചുതാഴ്ത്താനാണ് ഇത്തരം പ്രചാരണങ്ങള്‍.
ഡിസംബറില്‍ നടത്തിയ സര്‍വേയില്‍ രാജ്യമൊട്ടാകെ 1000ല്‍ 220 പേര്‍ക്ക് രോഗം വന്നു, കേരളത്തില്‍ 116 പേര്‍ക്ക് മാത്രമാണ് കോവിഡ് വന്നുപോയത് എന്നാണ്. ദേശീയ ശരാശരിയുടെ പകുതി ആളുകള്‍ക്ക് മാത്രമാണ് സംസ്ഥാനത്ത് രോഗം വന്നുപോയത്. ഈ സര്‍വേ പ്രകാരം ഏറ്റവും കുറവ് രോഗവ്യാപനം ഉണ്ടായത് കേരളത്തിലെ ജില്ലകളിലാണ്.
ജനിതക വ്യതിയാനും സംഭവിക്കുമ്പോള്‍ ഒരു തവണ രോഗം വന്നുപോയ സ്ഥലങ്ങളിലും കൂടുതല്‍ വിനാശകരമായ രോഗബാധ ഉണ്ടാവാന്‍ സാധ്യതയുണ്ട്. അതിനാല്‍ കോവിഡ് വന്നുപോവാന്‍ ഇടവരുത്താതെ അതിനെ തടയാനാണ് ശ്രമിക്കേണ്ടത്. ആ മാര്‍ഗമാണ് കേരളം ആദ്യം മുതല്‍ സ്വീകരിച്ചത്.
സംസ്ഥാനത്ത് പ്രതിദിന കോവിഡ് പരിശോധന വര്‍ധിപ്പിച്ചിട്ടുണ്ട്. ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ 25ല്‍ നിന്ന് 45 ശതമാനമായി ഉയര്‍ന്നു. ഇത് 75 ശതമാനമായി ഉയര്‍ത്തി പ്രതിദിന ടെസ്റ്റ് ഒരു ലക്ഷമായി വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. എന്നാല്‍ ടെസ്റ്റുകളുടെ എണ്ണം ഉയര്‍ന്നെങ്കിലും ആനുപാതികമായി പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുന്നില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.