മലപ്പുറം മമ്പാട് മുറിയില്‍ പട്ടിണിക്കിട്ട് പൂട്ടിയിട്ട കുട്ടികളെ മോചിപ്പിച്ചു; ദമ്പതികൾ പിടിയിൽ
മലപ്പുറം: നിലമ്പൂര്‍ മമ്പാട് മുറിയില്‍ പൂട്ടിയിട്ട രണ്ട് കുട്ടികളെ രക്ഷപ്പെടുത്തി. ഇതരസംസ്ഥാന തൊഴിലാളികളായ ദമ്പതിമാര്‍ക്കൊപ്പം താമസിച്ചിരുന്ന ആറും നാലും വയസ്സുള്ള കുട്ടികളെയാണ് നാട്ടുകാരും പോലീസും ചേര്‍ന്ന് മോചിപ്പിച്ചത്. ഇവരെ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദമ്പതിമാരെ പോലീസ് കസ്റ്റഡിയിലെടുത്തു.
മമ്പാടുള്ള കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് ഇതരസംസ്ഥാന തൊഴിലാളികളായ ദമ്പതിമാരും കുട്ടികളും താമസിച്ചിരുന്നത്. കുട്ടികളെ മുറിയില്‍ പൂട്ടിയിട്ടാണ് ഇവര്‍ ജോലിക്ക് പോയിരുന്നത്. കുട്ടികള്‍ക്ക് ഭക്ഷണമോ വെള്ളമോ നല്‍കിയിരുന്നില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. ആദ്യ നാളുകളില്‍ മുറിയുടെ ജനല്‍ തുറന്നു വെക്കാറുണ്ടായിരുന്നതിനാല്‍ സമീപത്ത് താമസിക്കുന്നവര്‍ കുട്ടികള്‍ക്ക് ഭക്ഷണം നല്കാറുണ്ടായിരുന്നു. കഴിഞ്ഞദിവസം മുതല്‍ ജനലുകള്‍ അടച്ചിട്ടാണ് കുട്ടികളെ മുറിയില്‍ പൂട്ടിയിട്ട് ദമ്പതിമാര്‍ ജോലിക്ക് പോയത്. ഇതോടെ നാട്ടുകാര്‍ ഇടപെടുകയും ബന്ധപ്പെട്ടവരെ വിവരമറിയിച്ച് കുട്ടികളെ മോചിപ്പിക്കുകയുമായിരുന്നു.
താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികള്‍ക്ക് പോഷകാഹാരക്കുറവുള്ളതായി പരിശോധനയില്‍ കണ്ടെത്തി. കുട്ടികളുടെ ശരീരത്തില്‍ മുറിവുകളുമുണ്ട്. ഇരുവരെയും വിശദമായി പരിശോധിച്ചുവരികയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.