പാലക്കാട് ജില്ലാ ജഡ്ജി മുത്തലാഖ് ചൊല്ലിയെന്ന് ഭാര്യ; ഹൈക്കോടതി ഇടപെടണമെന്ന് ആവശ്യം, ജസ്റ്റിസ് കെമാൽ പാഷ ഭീഷണിപ്പെടുത്തിയെന്നും,വാർത്തയുമായി മാതൃഭൂമി
കൊച്ചി: പാലക്കാട് ജില്ലാ സെഷന്‍സ് കോടതിയിലെ ജഡ്ജി ബി. കലാം പാഷക്കെതിരേ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് ഭാര്യ. സുപ്രീം കോടതി വിധി ലംഘിച്ച് മുത്തലാഖ് ചൊല്ലിയെന്ന പരാതിയിലാണ് ഭാര്യ ജഡ്ജിക്കെതിരേ രംഗത്തെത്തിയത്. അതിനിടെ, കലാം പാഷയുടെ സഹോദരനായ റിട്ട. ജസ്റ്റിസ് ബി. കെമാല്‍ പാഷ തന്നെ ഭീഷണിപ്പെടുത്തിയതായും ഇവര്‍ ആരോപിച്ചു.
2018 മാര്‍ച്ച് ഒന്നിനാണ് ബി. കലാം പാഷ മുത്തലാഖ് ചൊല്ലിയതായി കത്ത് നല്‍കിയതെന്ന് പരാതിക്കാരി പറയുന്നു. തലാഖ് ചൊല്ലിയുള്ള കത്തില്‍ 2018 മാര്‍ച്ച് ഒന്ന് തീയതി രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നീട് ഇത് അച്ചടി പിശകാണെന്നും 2018 മാര്‍ച്ച് ഒന്ന് എന്നത് 2017 മാര്‍ച്ച് ഒന്ന് എന്ന് തിരുത്തണമെന്നും ആവശ്യപ്പെട്ട് കലാം പാഷ വീണ്ടും കത്ത് നല്കി. സുപ്രീം കോടതി മുത്തലാഖ് നിരോധിക്കുന്നതിന് മുമ്പുള്ള തീയതി രേഖപ്പെടുത്തി നിയമ നടപടികളില്‍നിന്ന് രക്ഷപ്പെടാനാണ് ഇത് ചെയ്തതെന്നാണ് പരാതിക്കാരിയുടെ ആരോപണം.
സുപ്രീം കോടതി വിധി പ്രകാരം ഒരു ജഡ്ജിക്കെതിരേ കേസെടുക്കണമെങ്കില്‍ ബന്ധപ്പെട്ട ചീഫ് ജസ്റ്റിസിന്റെ അനുമതി ആവശ്യമാണ്. രണ്ടു വര്‍ഷം മുമ്പുള്ള സംഭവം നേരത്തെ ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഹൈക്കോടതി വിജിലന്‍സ് സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. ഈ റിപ്പോര്‍ട്ടും ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ പരിഗണനയിലാണ്. ഇതെല്ലാം പരിശോധിച്ചായിരിക്കും ജഡ്ജിക്കെതിരായ പരാതിയില്‍ ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കുക. 2017 ഓഗസ്റ്റിലാണ് സുപ്രീം കോടതി മുത്തലാഖ് നിരോധിച്ചത്. ഇതിനു പിന്നാലെ മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയുള്ള നിയമവും പാസാക്കി. ഇതിനുശേഷമാണ് ജഡ്ജി ഭാര്യയെ മുത്തലാഖ് ചൊല്ലിയതെങ്കില്‍ ക്രിമിനല്‍ നടപടികള്‍ നേരിടേണ്ടി വരും.
അതിനിടെ, കലാം പാഷയുടെ സഹോദരനും റിട്ട. ജസ്റ്റിസുമായ ബി. കെമാല്‍ പാഷ തന്നെ ഭീഷണിപ്പെടുത്തിയതായും പരാതിക്കാരി ആരോപണമുന്നയിച്ചിരുന്നു. സഹോദരനുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയില്ലെങ്കില്‍ ഭവിഷ്യത്ത് വലുതായിരിക്കുമെന്നായിരുന്നു കെമാല്‍ പാഷയുടെ ഭീഷണി. എന്നാല്‍, ഭീഷണിപ്പെടുത്തിയെന്ന ആരോപണം തെറ്റാണെന്നും ഒത്തുതീര്‍പ്പു ചര്‍ച്ചയില്‍ പങ്കെടുക്കുക മാത്രമാണ് ചെയ്തതെന്നും ജസ്റ്റിസ്. ബി.കെമാല്‍ പാഷ പ്രതികരിച്ചു.