കമറുദ്ദീൻ ജയിൽ മോചിതനാകും.
ജ്വല്ലറി തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീന് മുഴുവൻ കേസുകളിലും ജാമ്യം
കാസർകോട് : ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതി എം.സി.ഖമറുദ്ദീൻ എം.എൽ.എ.യ്ക്ക് ബാക്കിയുള്ള ആറുകേസുകളിൽ കുടിജാമ്യം ലഭിച്ചതോടെയാണ് ജയിൽ മോചനത്തിന് വഴിതെളിഞ്ഞത്. ആറെണ്ണത്തിലും ഹൊസ്ദുർഗ് ഒന്നാം ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേറ്റ് (ഒന്ന്) കോടതി വിധി പറഞ്ഞു. ഈ കേസുകളിൽ കൂടി അനുകൂലവിധിയുണ്ടായതോടെ കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന എം.എൽ.എ.യ്ക്ക് പുറത്തിറങ്ങാം.
എന്നാൽ ജാമ്യവ്യവസ്ഥയനുസരിച്ച് കേസുകളുള്ള പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കാനാകില്ല. ചന്തേര സ്റ്റേഷനിൽ കേസുള്ളതിനാൽ അദ്ദേഹത്തിന്റെ സ്വദേശമായ തൃക്കരിപ്പൂരിൽ പോകാനാവില്ല. ഖമറുദ്ദീൻ പ്രതിനിധാനം ചെയ്യുന്ന മഞ്ചേശ്വരം മണ്ഡലത്തിൽ പോകാൻ പ്രയാസമില്ല. എന്നാൽ പയ്യന്നൂർ, കാഞ്ഞങ്ങാട്, ബേക്കൽ, കാസർകോട് സ്റ്റേഷൻ പരിധിക്കു പുറത്തുകൂടി മഞ്ചേശ്വരത്ത് എത്തേണ്ടിവരും.
പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്.ഐ.ടി.) കണക്കനുസരിച്ച് 155 കേസുകളാണ് രജിസ്റ്റർചെയ്തത്. ഇതിൽ 148 എണ്ണത്തിലാണ് റിമാൻഡ് രേഖപ്പെടുത്തിയത്. ഹൊസ്ദുർഗിൽ 91, കാസർകോട് 28, പയ്യന്നൂർ 27, കണ്ണൂർ, തലശ്ശേരി എന്നിവിടങ്ങളിൽ ഒന്നു വീതം എന്നിങ്ങനെയാണ് ഓരോ കോടതിയിലുമുള്ള കേസുകളുടെ എണ്ണം. മൂന്നെണ്ണത്തിൽ ഹൈക്കോടതി ജാമ്യം നൽകിയിരുന്നു. എം.എൽ.എ. ജയിലിലായിട്ട് ബുധനാഴ്ചത്തേക്ക് 95 ദിവസമായി. അതേസമയം ആദ്യ കേസിന്റെ കുറ്റപത്രംപോലും സമർപ്പിച്ചിട്ടില്ല.
അതിനിടെ ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസിലെ മുഖ്യപ്രതിയും സ്ഥാപനത്തിന്റെ എം.ഡി.യുമായ പൂക്കോയ തങ്ങളെ പിടിക്കാൻ ഇതുവരെയും പ്രത്യേക അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല. ഇയാളുടെ മകൻ ഹിഷാമും ജനറൽ മനേജർ സൈനുൽ ആബുദ്ദിനും കേസിലെ പ്രതികളാണ്. സൈനുൽ ആബുദ്ദീനെ അറസ്റ്റു ചെയ്തിരുന്നു. ഇയാൾ ജാമ്യം നേടി പുറത്തിറങ്ങുകയും ചെയ്തു. മറ്റു രണ്ടുപേരെ തേടി കർണാടകയിലുൾപ്പെടെ തിരഞ്ഞെങ്കിലും പോലീസിന് കണ്ടെത്താനായിട്ടില്ല. അതിനിടെ പ്രത്യേക അന്വേഷണസംഘത്തിന്റെ അന്വേഷണം ഇപ്പോൾ നടക്കുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പോലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയതാണ് കാരണം.