തൊഴിലുറപ്പ്: കരാർ ജീവനക്കാർക്ക് വേതനവർധന
തിരുവനന്തപുരം ∙ ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്കു കീഴിലെ സാങ്കേതികവിഭാഗം കരാർ ജീവനക്കാരുടെ വേതനം 2 വർഷത്തിനിടെ വീണ്ടും വർധിപ്പിച്ചു. 3500 രൂപ മുതലാണു വർധന. ജനുവരി 1 മുതൽ പ്രാബല്യമുണ്ട്.
പദ്ധതിയുടെ സംസ്ഥാന, ജില്ല, ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് ഓഫിസുകളിൽ ജോലി ചെയ്യുന്ന 7 വിഭാഗം ജീവനക്കാരുടെ വേതനമാണു വർധിപ്പിച്ചത്. സംസ്ഥാന തൊഴിലുറപ്പു കൗൺസിൽ യോഗം നിയോഗിച്ച ഉപസമിതി രണ്ടാഴ്ച കൊണ്ടു തയാറാക്കിയ ശുപാർശ പരിഗണിച്ചാണു വേതനവർധന.
ഇത്തരം ജീവനക്കാർക്കു വേതനം നൽകുന്നതിന് ഭരണച്ചെലവ് പദ്ധതിച്ചെലവിന്റെ 5 ശതമാനത്തിൽ കൂടരുതെന്നും അതനുസരിച്ചു ജീവനക്കാരുടെ എണ്ണം നിയന്ത്രിക്കണമെന്നും ഉത്തരവു നിലനിൽക്കുന്നുണ്ട്. ഭരണച്ചെലവു കൂടിയാൽ ഗ്രാമപ്പഞ്ചായത്തുകൾ തനതു ഫണ്ട് അല്ലെങ്കിൽ പൊതുഫണ്ടിൽനിന്നു ചെലവഴിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കി. ഗ്രാമ, ബ്ലോക്ക്, ജില്ലാ തലങ്ങളിലെ അക്കൗണ്ടന്റ് കം ഡേറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയുടെ പേര് അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് എന്നും ഗ്രാമപ്പഞ്ചായത്തിലെ അക്രഡിറ്റഡ് ഓവർസീയർ തസ്തികയുടെ പേര് എംജിഎൻആർഇജിഎസ് ഓവർസീയർ എന്നും മാറ്റിയിട്ടുമുണ്ട്.