ഓസ്കർ പുരസ്കാരത്തിനുള്ള അവസാന പട്ടികയിൽ നിന്ന് ജല്ലിക്കെട്ട് പുറത്ത്, നിരാശയിൽ ഇന്ത്യൻ സിനിമാപ്രേമികൾ
ഓസ്കർ പുരസ്കാരത്തിനുള്ള അവസാന പട്ടികയിൽ നിന്ന് ഇന്ത്യൻ പ്രാതിനിധ്യമായിരുന്ന ജല്ലിക്കെട്ട് പുറത്ത്. മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള മത്സരത്തിനുള്ള അവസാന പട്ടികയിൽ നിന്നാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ട് പുറത്തായത്. 15 വിദേശഭാഷാ ചിത്രങ്ങളാണ് അക്കാദമി ഒഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ് തിരഞ്ഞെടുത്തത്. ഇതിൽ ജല്ലിക്കെട്ട് ഇല്ല.അതേസമയം, കരിഷ്മ ദേവ് ദുബേ സംവിധാനം ചെയ്ത ബിട്ടു 93ാമത് അക്കാദമി അവാർഡിനായുള്ള ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം ഷോർട്ട്ലിസ്റ്റിൽ ഇടം നേടിയത് ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകുന്നുണ്ട്. ജല്ലിക്കെട്ടിന്റെ ഓസ്കർ എൻട്രി ഇന്ത്യൻ സിനിമാ പ്രേമികളിൽ, പ്രത്യേകിച്ച് മലയാളികൾക്ക് ഏറെ പ്രതീക്ഷ നൽകിയിരുന്നു.ഏപ്രിൽ 25ന് ആണ് ഓസ്കാർ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുക. ഫെബ്രുവരിയിൽ നടക്കേണ്ടിയിരുന്ന പുരസ്കാര പ്രഖ്യാപനം കൊവിഡിന്റെ പശ്ചാത്തലത്തിലാണ് ഏപ്രിലിലേക്ക് മാറ്റിയത്.