മുസ്ലീം പുരുഷന് വിവാഹമോചനം നേടാതെ ഒന്നിലേറെ വിവാഹമാകാം, സ്ത്രീക്ക് അത് ബാധകമല്ലെന്ന് ഹൈക്കോടതി
ന്യൂഡൽഹി : മുസ്ലീം പുരുഷന് വിവാഹമോചനം നേടാതെ ഒന്നിലേറെ വിവാഹമാകാമെന്നും , മുസ്ലീം സ്ത്രീക്ക് അത് ബാധകമല്ലെന്നും പഞ്ചാബ് & ഹരിയാന ഹൈക്കോടതി . ആദ്യ വിവാഹബന്ധം വേർപ്പെടുത്താതെ വീണ്ടും വിവാഹിതരായ ഇസ്ലാം വിശ്വാസികളായ യുവാവിന്റെയും , യുവതിയുടെയും അപേക്ഷ തള്ളിയ കോടതിയുടെ നിർദേശമാണിത്.
“ഒരു മുസ്ലീം പുരുഷന് തന്റെ മുൻ ഭാര്യയെ വിവാഹമോചനം ചെയ്യാതെ ഒന്നിലധികം തവണ വിവാഹം കഴിക്കാമെങ്കിലും ഒരു മുസ്ലീം സ്ത്രീക്ക് ഇത് ബാധകമല്ല” കോടതി പറഞ്ഞു.
തങ്ങളുടെ ജീവിതത്തിനും സ്വാതന്ത്ര്യത്തിനും സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച മുസ്ലീം ദമ്പതികളുടെ അപേക്ഷ പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് അൽക സരിൻ.തങ്ങൾ മുസ്ലീം മത വിശ്വാസികളും , മുതിർന്നവരുമാണെന്നും, നിരവധി വർഷങ്ങളായി പരസ്പരം പ്രണയത്തിലാണെന്നും 2021 ജനുവരി 19 ന് നിക്കാഹ് നടത്തിയെന്നും അപേക്ഷയിൽ പറയുന്നു.
എന്നാൽ യുവതി ആദ്യത്തെ ഭർത്താവിൽ നിന്ന് മുസ്ലിം വ്യക്തിഗത നിയമപ്രകാരം അല്ലെങ്കിൽ 1939 ലെ മുസ്ലിം വിവാഹ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം വിവാഹമോചനം നേടിയിട്ടുണ്ടോ എന്ന കാര്യം വ്യക്തത വരുത്തണമെന്നായിരുന്നു കോടതിയുടെ നിർദേശം . ആദ്യ പങ്കാളിയെ നിയമപരമായി വിവാഹമോചനം ചെയ്യാതെ, ഈ കോടതിക്ക് ദമ്പതികളെന്ന നിലയിൽ അപേക്ഷകർക്ക് എങ്ങനെ സംരക്ഷണം നൽകാനാകുമെന്നും കോടതി ചോദിച്ചു .
ഒരു മുസ്ലീം പുരുഷൻ തന്റെ മുൻ ഭാര്യയെ വിവാഹമോചനം ചെയ്യാതെ ഒന്നിലധികം തവണ വിവാഹം കഴിച്ചേക്കാം, എന്നാൽ ഇത് ഒരു മുസ്ലീം സ്ത്രീക്ക് ബാധകമല്ല. ഒരു മുസ്ലീം സ്ത്രീ തന്റെ ആദ്യ ഭർത്താവിനെ മുസ്ലീം വ്യക്തിഗത നിയമപ്രകാരം അല്ലെങ്കിൽ 1939 ലെ മുസ്ലീം വിവാഹ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം വിവാഹമോചനം നടത്തണം. – കോടതി പറഞ്ഞു
നിലവിലെ സാഹചര്യത്തിൽ ഇരുവരുടെയും അപേക്ഷ സ്വീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് അൽക സരിൻ അപേക്ഷ നിരസിക്കുകയായിരുന്നു