കാപ്പൻ കുട്ടനാട്ടിൽ മത്സരിക്കട്ടെ, പാലാ നൽകാനാകില്ല, എൻ സി പിയോട് തുറന്നടിച്ച് പിണറായി;
പ്രഫുൽ പട്ടേലിനെ
മുഖ്യമന്ത്രി കാണില്ല..
തിരുവനന്തപുരം: പാലാ സീറ്റിൽ നിലപാട് വ്യക്തമാക്കി സി പി എം. പാലാ സീറ്റ് വിട്ടു നൽകാൻ കഴിയില്ലെന്ന് സി പി എം എൻസിപിയെ ഔദ്യോഗികമായി അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഫുൽ പട്ടേലിനെ ഇക്കാര്യം അറിയിച്ചത്. രാജ്യസഭാ സീറ്റും എൻ സി പിക്ക് നൽകില്ലെന്ന് കേന്ദ്ര നേതൃത്വത്തെ അദ്ദേഹം അറിയിച്ചു.മാണി സി കാപ്പനോട് കുട്ടനാട് സീറ്റിൽ മത്സരിക്കാനാണ് പിണറായിയുടെ നിർദ്ദേശം. പാലാ ഒഴികെയുളള മൂന്ന് സീറ്റ് എൻസിപിക്ക് നൽകാമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ ചർച്ചയ്ക്കായി കേരളത്തിലേക്കുളള പ്രഫുൽ പട്ടേലിന്റെ യാത്ര റദ്ദാക്കി.എൻ സി പി ദേശീയ അദ്ധ്യക്ഷൻ ശരദ് പവാറുമായി മാണി സി കാപ്പൻ ഇന്ന് കൂടിക്കാഴ്ച നടത്താനിരിക്കെയാണ് സി പി എമ്മിന്റെ നിലപാട് പുറത്തുവരുന്നത്. ഇതോടെ പാല സീറ്റിന്റെ പേരിൽ അതൃപ്തിയുളള മാണി സി കാപ്പൻ മുന്നണി വിടുമെന്ന് ഏതാണ്ട് ഉറപ്പായി. എൻ സി പി സംസ്ഥാന അദ്ധ്യക്ഷൻ ടി പി പീതാംബരനെ അടിയന്തരമായി ശരദ് പവാർ ഡൽഹിക്ക് വിളിപ്പിച്ചിരിക്കുകയാണ്.