ഐശ്വര്യയാത്രക്കിടെ യുഡിഎഫിൽ ചേർന്ന് ബിജെഎസ്; സ്വീകരിച്ച് നേതാക്കൾ
തിരുവനന്തപുരം: ബിഡിജെഎസ് വിട്ടവര്‍ ചേര്‍ന്ന് രൂപീകരിച്ച ബിജെഎസ് എന്ന രാഷ്ട്രീയ പാര്‍ട്ടി /യുഡിഎഫില്‍ ചേർന്നു. ചാവക്കാട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ കേരളയാത്രയ്ക്കിടെയാണ് പുതിയ കക്ഷിയെ മുന്നണിയിലേക്ക് സ്വീകരിച്ചത്. സമ്മേളന നഗരിയിലേക്ക് പ്രകടനമായെത്തിയായിരുന്നു മുന്നണി പ്രവേശനം. എൻ.കെ നീലകണ്ഠൻ മാസ്റ്റര്‍, വി.ഗോപകുമാര്‍, കെ.കെ.ബിനു തുടങ്ങിയവരുടെ നേതൃത്വത്തിൽ ആയിരത്തിലധികം പ്രവര്‍ത്തകരാണ് മുന്നണി പ്രവേശത്തിന്റെ ഭാഗമായത്.
സ്വീകരണ ചടങ്ങില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി, എം.കെ.മുനീർ തുടങ്ങിയവർ പങ്കെടുത്തു. ബിഡിജെഎസ്സിന്റെ 11 ജില്ലാ കമ്മറ്റികളും 12ലധികം സമുദായ സംഘടനകളും ബിജെഎസിന് പിന്തുണ പ്രഖ്യാപിച്ചതായി നേതാക്കള്‍ അവകാശപ്പെട്ടു. എൽ.ഡി.എഫിനെ വീണ്ടും അധികാരത്തിലെത്തിക്കാനായി ബി.ജെ.പി ഒത്തുകളിക്കുകയാണെന്നും എന്‍ഡിഎയിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.
ഇക്കഴിഞ്ഞ ഫെബ്രുവരി 4ന് കൊച്ചിയിലാണ് പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം നടന്നത്. ഭാരതീയ ജനസേന എന്ന പേരിലായിരുന്നു പാര്‍ട്ടി രൂപീകരണം. മുസ്ലിം ലീഗ് ഉന്നതാധികാര സമിതിയംഗം സാദിഖലി ശിഹാബ് തങ്ങള്‍ അടക്കമുള്ളവര്‍ പാര്‍ട്ടി രൂപീകരണവേളയില്‍ സംബന്ധിച്ചിരുന്നു