സാന്ത്വന സ്പർശം താങ്ങായി രമണിയുടെ വീട്ടില്‍ വെളിച്ചമെത്തും
കാത്തങ്ങാട്: മടിക്കൈ പഞ്ചായത്തിലെ എരിക്കുളത്തെ സി.രമണി പാതി നഷ്ടമായ കാഴ്ചയെയും ആരോഗ്യ പ്രശ്നങ്ങളെയും മറികടന്നാണ് മുഖ്യമന്ത്രിയുടെ സാന്ത്വന സ്പര്‍ശം അദാലത്തിലേക്കെത്തിയത്. ആകെയുള്ള 10 സെന്റ് ഭൂമിയില്‍ പലരുടെയും സഹായത്തോടെ ചെറിയൊരു വീട് കെട്ടി. പക്ഷെ അങ്ങോട്ടെയ്ക്ക് ഇതുവരെ വൈദ്യുതിയെത്തിയില്ല. 10 വൈദ്യുത പോസ്റ്റ് വേണമെന്നതായിരുന്നു പ്രശ്നം. ബി പി എല്‍ കാര്‍ഡായിട്ടും സൗജന്യമായി ഇത്രയും പോസ്റ്റ് ഇടാന്‍ കഴിയില്ലെന്നായിരുന്നുവത്രേ ഉദ്യോഗസ്ഥരുടെ പക്ഷം. പല ഉദ്യോഗസ്ഥര്‍ക്കും അപേക്ഷ നല്കി. ഫലമില്ലാതെ വന്നപ്പോഴാണ് സങ്കടവുമായി ഇവര്‍ അദാലത്തിലെത്തിയത്. തിമിരം ബാധിച്ച് കാഴ്ചയുടെ 70 ശതമാനത്തിലധികവും നഷ്ടമായി. ഷുഗര്കൂടി ബാധിച്ചതോടെ ശാരീരികമായും തളര്‍ന്നു. തൊഴിലുറപ്പ് ജോലി ചെയ്ത് ഉപജീവനം കണ്ടെത്തിയിരുന്ന രമണിയ്ക്ക് ശാരീരിക അവശതകള്‍ കാരണം ജോലിയ്ക്കു പോകാനും കഴിയുന്നില്ല. ആകെയുള്ള ആശ്രയം സര്‍ക്കാരില്‍ നിന്ന് കിട്ടുന്ന പെന്ഷന് മാത്രമാണ്. രമണിയുടെ സങ്കടം കേള്‍ക്കാന്‍ വേദിയില്‍ നിന്ന് ഇറങ്ങി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അടുത്തെത്തിയതോടെ തന്റെ സങ്കടം അടക്കാനാവാതെ രമണി ടീച്ചര്‍ക്കു മുന്നില്‍ പൊട്ടിക്കരയുകയായിരുന്നു. അടിയന്തിരമായി വൈദ്യുതി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് വൈദ്യുതി ജീവനക്കാര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്കി. വെള്ളമില്ലാത്ത ദുരിതം കൂടി മന്ത്രിയോട് പറഞ്ഞപ്പോള്‍ അതിനും പരിഹാരം കാണാന്‍ ശ്രമിക്കാമെന്ന് മന്ത്രി രമണിയ്ക്ക് ഉറപ്പു നല്കി.
ഭര്‍ത്താവ് മരിച്ചു പോയതൊടെ ജീവിതത്തിന്റെ പകുതിയും നഷ്ടമായ രണിയുടെ ഏകമകന് കൂടി മൂന്നു വര്‍ഷം മുന്നേ നാട് വിട്ടു പോയതോടെ ജീവതത്തിലെ പ്രതീക്ഷകളത്രെയും നഷ്ടമായ രമണിയ്ക്ക് അക്ഷരാര്‍ഥത്തില്‍ സാന്ത്വനമാവുകയായിരുന്നു അദാലത്ത്