സിയാനയ്ക്ക് ജീവിതത്തിലേക്ക് പിച്ച വെക്കാന്‍ കരുതലോടെ സര്‍ക്കാര്‍ ഒപ്പമുണ്ട്
സൗജന്യ സര്‍ജ്ജറി ഉറപ്പ് നല്കി ആരോഗ്യ മന്ത്രി
കാസര്‍കോട്:ജന്മനാ മൂത്രസഞ്ചിയില്ലാത്ത ആയിഷ സിയാന എന്ന മൂന്നുവയസ്സുകരിയുമായാണ് പിതാവ് എന്‍.എം ഫൈസല്‍ മുഖ്യമന്ത്രിയുടെ സാന്ത്വനസ്പര്‍ശം അദാലത്തിലെത്തിയത്. ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറിനു മുന്നില്‍ തങ്ങളുടെ ദൈന്യത ഫൈസല്‍ അറിയിച്ചു. മൂത്രസഞ്ചിയോടൊപ്പം മൂത്രം പോകാന്‍ കുഴലും ഇല്ലാത്ത അവസ്ഥയാണ് ഈ കുഞ്ഞിന്റേത്. പെട്ടെന്ന് സര്‍ജ്ജറി നടത്തിയില്ലെങ്കില്‍ ഇന്ഫെക്ഷന് ആയി വൃക്കയില്‍ ക്യാന്‍സര്‍ വരാന്‍ സാധ്യതയുണ്ടെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. ഒരു തവണ നടത്തിയ സര്‍ജ്ജറി പരാജയപ്പെട്ടെങ്കിലും തുടര്‍ന്ന് മൂന്ന് സര്‍ജ്ജറികള്‍ കുഞ്ഞിന് ആവശ്യമാണെന്നും നിലവില്‍ 15 ലക്ഷം രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നതെന്നും തനിക്ക് സാമ്പത്തിക സഹായം ആവശ്യമാണെന്നും ചെമ്പരിക്കയിലെ ഫൈസല്‍ മന്ത്രിയോട് പറഞ്ഞു.
ഫൈസലിന്റെ വിഷയം ശ്രദ്ധയോടെ ശ്രവിച്ച ആരോഗ്യ മന്ത്രി ഉടന്‍ ആസ്റ്റര്‍ മിംസ് സി.ഇ.ഒയുമായി സംസാരിച്ചു. കുഞ്ഞിന് സൗജന്യമായി സര്‍ജ്ജറി ചെയ്ത് കൊടുക്കാമെന്ന് സി.ഇ.ഒ ഉറപ്പ് നല്‍കിയതായി മന്ത്രി ഫൈസലിനെ അറിയിച്ചു. സാന്ത്വന സ്പര്ശത്തില് സ്വകാര്യ ആശുപത്രികളെക്കൂടി ചേര്‍ത്ത് പ്രശ്നങ്ങള്‍ക്ക് വേഗത്തില്‍ തീര്‍പ്പാക്കുകയാണ് സര്‍ക്കാര്‍. ഓരോ ജീവനും വിലപ്പെട്ടതാണ്.