ശബരിമല സത്യവാങ്മൂലത്തിൽ കരണം മറിഞ്ഞ് എം എ ബേബി, നിലപാട് മാറ്റിയത് മണിക്കൂറുകൾക്കുളളിൽ
തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പരാമർശത്തിൽ മണിക്കൂറുകൾക്കുളളിൽ നിലപാട് മാറ്റി സി പി എം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി. സർക്കാർ പുതിയ സത്യവാങ്മൂലം നൽകുമെന്ന നിലപാടാണ് ബേബി പിൻവലിച്ചത്. സത്യവാങ്മൂലം കൊടുക്കുന്നു എന്ന നിലയിൽ താൻ പറഞ്ഞുവെന്ന പ്രചാരണം തന്റെയോ പാർട്ടിയുടെയോ കാഴ്ചപ്പാടല്ലെന്നും അദ്ദേഹം വ്യക്തമാക്കി.സുപ്രീംകോടതി ഇക്കാര്യത്തിൽ വിധി പ്രസ്താവിക്കുമ്പോൾ ഇടത് സർക്കാരാണ് ഭരണത്തിലുളളതെങ്കിൽ വിധി നടപ്പാക്കുന്നതിലെ പ്രായോഗിക പ്രശ്നങ്ങൾ ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്യും. പാർട്ടിപരമായ നിലപാടോ കാഴ്ചപ്പാടോ ബലംപ്രയോഗിച്ച് നടപ്പാക്കുകയില്ല. സാമൂഹിക സമവായമുണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുകയെന്നും അദ്ദേഹം പറഞ്ഞു.സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പുന:പരിശോധനാ ഹർജികളിൽ വാദം വരുന്ന സമയത്ത് ആവശ്യമെങ്കിൽ പുതിയ സത്യവാങ്മൂലം നൽകാൻ തയ്യാറാണെന്ന് ബേബി പറഞ്ഞിരുന്നു. ഇത് വിവാദമായ സാഹചര്യത്തിലാണ് ബേബി നിലപാട് മാറ്റിയത്. ഇക്കാര്യത്തിൽ തിരുത്തൽ വരുത്താൻ പാർട്ടി ബേബിയോട് ആവശ്യപ്പെട്ടതായാണ് സൂചന.സുപ്രീംകോടതിയുടെ വിശാല ബെഞ്ച് കേസ് പരിഗണിക്കാൻ ഇരിക്കുമ്പോൾ ഒരു സംസ്ഥാന നിയമസഭയിൽ തങ്ങൾ അക്കാര്യത്തിൽ നിയമം കൊണ്ടുവരാൻ പോകുന്നു എന്നുളളത് മൗഢ്യമാണ്.അതാണ് യു ഡി എഫ് ഇപ്പോൾ ചെയ്തിരിക്കുന്നത്. വിശാലബെഞ്ച് യുവതിപ്രവേശവുമായി ബന്ധപ്പെട്ട വിഷയം എങ്ങനെ പരിഗണിക്കാൻ പോകുന്നു എന്ന് പറയുന്നത് മുൻകൂട്ടി ഇതേക്കുറിച്ച് ചിന്തിക്കാനാവില്ലെന്നും ബേബി കൂട്ടിച്ചേർത്തു.