റാങ്ക് ഹോള്‍ഡേഴ്സ് സമരത്തിന് പിന്നില്‍ പ്രതിപക്ഷം, മന്ത്രി തോമസ് ഐസക്; ഉദ്യോഗാര്‍ത്ഥികള്‍ പിന്മാറണം മന്ത്രിക്ക് സമരങ്ങളോട് പുച്ഛമെന്ന് പ്രതിപക്ഷനേതാവ്
തിരുവനന്തപുരം:പിഎസ്സി റാങ്ക് ഹോള്‍ഡേഴ്സ് സമരം പ്രതിപക്ഷം ഇളക്കിവിട്ടതെന്ന് ധനമന്ത്രി ടി. എം തോമസ് ഐസക്. ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാവര്ക്കും ജോലി നല്‍കുക എന്നത് പ്രായോഗികമല്ല. പിഎസ്സി റിപ്പോര്‍ട്ട് ചെയ്യുന്ന ഒഴിവുകളിലല്ല താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയത്. സമരത്തില്‍ നിന്ന് പിന്മാറാന് ഉദ്യോഗാര്‍ത്ഥികള്‍ തയ്യാറാകണം. റാങ്ക് ഹോള്‍ഡേഴ്സ് വസ്തുതകള്‍ മനസിലാക്കണമെന്നും മന്ത്രി പറഞ്ഞു.
മന്ത്രി തോമസ് ഐസകിന് സമരങ്ങളോട് പുച്ഛമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഭരണം തലയ്ക്കുപിടിച്ചതുകൊണ്ടാണ് മന്ത്രിക്ക് പുച്ഛം. സമരജീവികളെന്ന മന്ത്രിയുടെ പരാമര്‍ശം ചൂണ്ടിക്കാട്ടി, പ്രധാനമന്ത്രിയും ഐസക്കും തമ്മില്‍ എന്ത് വ്യത്യാസമെന്നും രമേശ് ചെന്നിത്തല ചോദിച്ചു. യുവാക്കളുടെ സമരത്തെ യുഡിഎഫ് പിന്തുണയ്ക്കുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
സൈബര്‍ ആക്രമണത്തിലൂടെ സമര രംഗത്തുനിന്ന് തങ്ങളെ തടയാനാകില്ലെന്ന് ഉദ്യോഗാര്‍ത്ഥികളും പ്രതികരിച്ചു. അനുകൂല നിലപാടുണ്ടായില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കും. തങ്ങള്‍ക്ക് രാഷ്ട്രീയമില്ല. ജോലി ലഭിക്കുക എന്നത് മാത്രമാണ് ലക്ഷ്യം. അനുകൂല നിലപാട് എടുത്താല്‍ സര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിക്കുമെന്നും ഉദ്യോഗാര്‍ത്ഥികള്‍ വ്യക്തമാക്കി