വൈരുദ്ധ്യാത്മക ഭൗതികവാദം അപ്രസക്തമായെന്ന് പറഞ്ഞാല്‍ മാര്‍ക്സിസം അപ്രസക്തമായെന്നാണ് അര്‍ത്ഥം; ഗോവിന്ദന് അങ്ങനെ പറയുമെന്ന് കരുതുന്നില്ല: കാനം
തിരുവനന്തപുരം: വൈരുദ്ധ്യാത്മക ഭൗതികവാദം അപ്രസക്തമായിട്ടില്ലെന്നും അങ്ങനെ ആരെങ്കിലും പറഞ്ഞാല്‍ അതിനര്‍ത്ഥം മാര്‍ക്സിസം അപ്രസക്തമായി എന്നാണെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്.
വൈരുദ്ധ്യാത്മക ഭൗതിക വാദം ഇന്ത്യയില്‍ നടപ്പാക്കാന്‍ കഴിയില്ലെന്ന സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയംഗം എം. വി ഗോവിന്ദന്റെ പ്രസ്താവനയോടുള്ള ചോദ്യത്തിനായിരുന്നു കാനത്തിന്റെ മറുപടി.
‘അദ്ദേഹം അങ്ങനെയാണോ പറഞ്ഞത് എന്ന് എനിക്ക് അറിയില്ല. വൈരുദ്ധ്യാധിഷ്ഠിത ഭൗതിക വാദവും ചരിത്രപരമായ ഭൗതിക വാദവും സമൂഹത്തെ നിരീക്ഷിക്കുന്നതിന്റെ ഒരു രീതി ശാസ്ത്രത്തെയാണ് പറയുന്നത്. എങ്ങനെ ഒരു സാമൂഹ്യപ്രശ്നത്തെ അപഗ്രഥിക്കണം. അതിന് കമ്യൂണിസ്റ്റുകാര്‍ സ്വീകരിക്കുന്ന രീതിയാണ് ഇത്.
വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദം, ചരിത്രപരമായ ഭൗതിക വാദം തുടങ്ങിയ മാര്‍ക്സിസത്തിന്റെ അടിസ്ഥാന സങ്കല്‍പ്പങ്ങള്‍ ഒരു രാജ്യത്തിന്റെ സാഹചര്യമനുസരിച്ച് ഒരിക്കലും പ്രായോഗികമാക്കാനോ അല്ലാതാക്കാനോ കഴിയുന്നതല്ല.
ഈ ഭൗതികവാദം എന്ന് പറയുന്നത് വിശ്വാസം ഇല്ലായ്മയാണ് എന്നൊക്കെ തെറ്റിദ്ധരിച്ച് ചില യാന്ത്രിക ഭൗതിക വാദികളാണ് ഇതിനെ സംബന്ധിച്ചിടത്തോളം ഇത്തരം അഭിപ്രായം പറയുന്നത്. അതുകൊണ്ട് അങ്ങനെയായിരിക്കില്ല ഗോവിന്ദന് മാസ്റ്റര്‍ പറഞ്ഞത് എന്നാണ് എന്റെ വിശ്വാസം. വൈരുദ്ധ്യാധിഷ്ടിത ഭൗതികവാദം അപ്രസ്കതമായി എന്ന് ആരെങ്കിലും പറഞ്ഞാല്‍ മാര്‍ക്സിസം അപ്രസക്തമായി എന്നാണ് അതിന്റെ അര്‍ത്ഥം. അങ്ങനെ ലോകത്ത് ഒരു ചിന്തയില്ല’, കാനം പറഞ്ഞു.