ചെങ്കോട്ടയിലെ അക്രമം ദീപ് സിദ്ദു അറസ്റ്റില്‍
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടയില്‍ ചെങ്കോട്ടയില്‍ കൊടിയുയര്‍ത്താന്‍ നേതൃത്വം നല്കിയ പഞ്ചാബി നടനും ഗായകനുമായ ദീപ് സിദ്ദു അറസ്റ്റില്‍. പഞ്ചാബില്‍ വെച്ചാണ് ഡല്‍ഹി പോലീസിന്റെ സെപ്ഷ്യല്‍ സെല്‍ ഇയാളെ അറസ്റ്റ് ചെയ്തത്.
കിസാന്‍ റാലിക്കിടെയുണ്ടായ അനിഷ്ടസംഭവങ്ങളില്‍ ആരോപണവിധേയനായ ദീപ് സിദ്ദുവിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ദീപ് സിദ്ദുവും സംഘവുമാണെന്ന് ആക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ചെങ്കോട്ടയില്‍ അക്രമം നടത്തിയതും പതാക ഉയര്‍ത്തിയതും ദീപ് സിദ്ദുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ്, ആ സമരവുമായി ഞങ്ങള്‍ക്ക് ബന്ധമില്ലെന്നും അക്രമസമരത്തെ തള്ളിക്കളയുന്നുവെന്നും കര്‍ഷക നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ കര്‍ഷക നേതാക്കളുടെ ആരോപണത്തെ തള്ളി ദീപ് സിദ്ദു സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തി. സിഖ് പതാകയാണ് ഞങ്ങള്‍ ചെങ്കോട്ടയിലുയര്‍ത്തിയത്. പ്രതിഷേധിക്കാനുള്ള ഞങ്ങളുടെ അവകാശത്തിന്റെ ഭാഗമായാണ് അങ്ങനെ ചെയ്തത്, ദേശീയ പതാക അഴിച്ചുമാറ്റിയിരുന്നില്ലെന്നും ദീപ് സിദ്ദു ഫെയ്സ്ബുക്ക് ലൈവില്‍ പറഞ്ഞു.
ദീപ് സിദ്ദുവിനെ തള്ളി കര്‍ഷകസമരത്തെ പിന്തുണയ്ക്കുന്ന നിരവധി സംഘടനാ നേതാക്കളും രംഗത്തെത്തി. ഗുണ്ടാത്തലവനില്‍ നിന്ന് രാഷ്ട്രീയപ്രവര്‍ത്തകനായി മാറിയ ലാഖ സിദ്ധാന, ദീപ് സിദ്ദു തുടങ്ങിയവര്‍ തലേദിവസം തന്നെ കര്‍ഷകരെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള ഇടപെടല്‍ നടത്തിയിരുന്നു. ചെങ്കോട്ടയില്‍ മൈക്രോഫോണുമായാണ് ദീപ് സിദ്ദു എത്തിയത്. കര്‍ഷക പ്രതിഷേധക്കാരെ ചെങ്കോട്ടയിലേക്ക് വഴിതിരിച്ചത് ദീപ് സിദ്ദുവാണ്. ഇതില്‍ അന്വേഷണം നടത്തണണെന്ന് സമൂഹ്യപ്രവര്‍ത്തകനായ സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു.