സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്തില്വന്നവരെല്ലാം മടങ്ങിയത് നിറഞ്ഞ മനസ്സോടെ
കാഞ്ഞങ്ങാട്:
ആദിദേവിന്റെ ചികില്‍സയ്ക്ക് നടപടിയെടുക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം
മകന് ആദിദേവിന്റെ ചികിത്സാ സഹായത്തിന് റേഷന്‍ കാര്‍ഡ് സ്വന്തമാക്കാനെത്തിയ മാലോം കാറ്റാംകവല പട്ടികവര്‍ഗ കോളനിയിലെ അശ്വതിക്കും രാജേഷിനും ആശ്വാസം. കാഞ്ഞങ്ങാട് നടന്ന മുഖ്യമന്ത്രിയുടെ സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്തില്‍ മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്, കെ കെ ശൈലജ ടീച്ചര്‍, കടന്നപ്പള്ളി രാമചന്ദ്രന് എന്നിവര്‍ ചേര്‍ന്ന് കുടുംബത്തിന് റേഷന്‍ കാര്‍ഡും റേഷന്‍ കാര്‍ഡും കൈവശാവകാശ സര്‍ട്ടിഫിക്കറ്റും ആധാരവും കൈമാറി. ഒപ്പം കുട്ടിയുടെ ചികിത്സ സംബന്ധിച്ച കാര്യങ്ങളില്‍ നടപടിയെടുക്കാന്‍ ജില്ലാ കളക്ടറെ ആരോഗ്യ വകുപ്പ് മന്ത്രി ചുമതലപ്പെടുത്തുകയും ചെയ്തു.
ജന്മനാ മലമൂത്ര വിസര്‍ജന അവയവങ്ങളില്ലാതെ പിറന്ന ഈ ഒന്നര വയസ്സുകാരന്റെ ചികിത്സയ്ക്ക് സര്‍ക്കാരിന്റെ വിവിധ ചികിത്സാ ആനുകൂല്യങ്ങള്‍ ഇനി ലഭ്യമാകും. ജനുവരി 31ന് നടന്ന ഭീമനടി വില്ലേജ് ക്വാര്‍ട്ടേഴ്സ് ഉദ്ഘാടനത്തിന് റവന്യു മന്ത്രിയും കളക്ടറും പങ്കെടുക്കുന്ന വിവരമറിഞ്ഞ് അശ്വതിയും കുടുംബവും എത്തിയിരുന്നു. കുട്ടിയുടെ ചികിത്സ സംബന്ധിച്ച സഹായത്തിനും റേഷന്‍ കാര്‍ഡ് ലഭിക്കുന്നതിനും സഹായമഭ്യര്‍ഥിച്ച് എത്തിയതായിരുന്നു ഇവര്‍. ഇവരുടെ നിത്യയാതനകള്‍ അറിഞ്ഞ ജില്ലാ കളക്ടര്‍ ഡോ ഡി. സജിത് ബാബു ഒരാഴ്ചക്കുള്ളില്‍ ആധാരം, ഭൂനികുതി രസീത് നമ്പര്‍ എന്നിവ ബന്ധപ്പെട്ട വകുപ്പുകളുടെ സഹായത്തോടെ ലഭ്യമാക്കാന്‍ വെള്ളരിക്കുണ്ട് തഹസില്‍ദാറോട് നിര്‍ദേശിച്ചിരുന്നു. റേഷന്‍ കാര്‍ഡ് കിട്ടാനാവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഒരു ക്ലര്‍ക്കിനെ കളക്ടര്‍ പ്രത്യേകം നിയോഗിച്ചിരുന്നു. അദാലത്തില്‍ നിന്ന് നിറഞ്ഞ സന്തോഷത്തോടെയാണ് അശ്വതിയും കുടുംബവും യാത്രയായത്.
സീമയുടെ ജോലി സ്ഥിരമാകും
കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ പാര്‍ട്ട് ടൈം സ്വീപ്പറായി ജോലി ചെയ്തിരുന്ന സീമയ്ക്ക് ജോലി സ്ഥിരമാകും. 20 വര്‍ഷമായി ജോലി ചെയ്യുന്ന സീമയുടെ ജോലി സ്ഥിരമാക്കാന്‍ 2018ല്‍ കോടതി ഉത്തരവ് വന്നിട്ടും 2005ല്‍ ജോലിയില്‍ നിന്ന് ആറുമാസം അവധിയെടുത്തതിനാല്‍ നിയമനം നല്കാന് കഴിയില്ലെന്നായിരുന്നു പഞ്ചായത്തിന്റെ നിലപാട്. തുടര്‍ന്ന് കോടതിയലക്ഷ്യത്തിന് സീമ നല്കിയ കേസ് നടക്കവെ അവസാന ശ്രമമെന്ന നിലയിലാണ് ഭര്‍ത്താവ് ലക്ഷ്മണനൊപ്പം കാഞ്ഞങ്ങാട്ട് മുഖ്യമന്ത്രിയുടെ സാന്ത്വന സ്പര്‍ശം അദാലത്തിലേക്ക് സഹായമഭ്യര്ഥിച്ചെത്തിയത്.
സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന സീമയുടെ ഹൃദയവാല്‍വിന് പ്രശ്നമുണ്ട്. സാന്ത്വന സ്പര്ശത്തില് സീമയുടെ പ്രശ്നം നേരിട്ട് മനസിലാക്കിയ റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന് സീമയുടെ 20 വര്‍ഷത്തെ സര്‍വ്വീസും കോടതി ഉത്തരവും കണക്കിലെടുത്ത് എത്രയും വേഗം ജോലി സ്ഥിരമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ച് നിയമന ഉത്തരവ് നല്കാന് നിര്‍ദ്ദേശം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നല്കി.
ജാനകിയമ്മയ്ക്ക് ആശ്വാസം
ചികിത്സാസഹായം തേടി മുഖ്യമന്ത്രിയുടെ സാന്ത്വന സ്പര്‍ശം അദാലത്തിലെത്തിയ പടന്ന തെക്കേക്കാട്ടെ ജാനകിയുടെ മുഖത്ത് തെളിഞ്ഞത് ആശ്വാസത്തിന്റെ പുഞ്ചിരി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ജാനകിയ്ക്ക് അടിയന്തിര സഹായമായി 25000 രൂപ അനുവദിച്ചു. വനിതാ ശിശുവികസന വകുപ്പിന്റെ അതിജീവിക പദ്ധതിയില്‍ അപേക്ഷിച്ചിട്ടും തുടര്‍ നടപടി ഉണ്ടാകാത്തതിനാലാണ് ജാനകി അദാലത്തിലെത്തിയത്. അഞ്ചു വര്‍ഷമായി വാതരോഗത്താല്‍ കഷ്ടപ്പെടുന്ന ജാനകിയ്ക്ക് ജോലിക്ക് പോകാനാകില്ല. നട്ടെല്ല് വളഞ്ഞ് കൂനി നടക്കുന്ന ഇവര്‍ക്ക് കേള്‍വിയും കുറവാണ്. പരേതനായ ഭര്‍ത്താവ് അമ്പൂഞ്ഞിയുടെ സഹോദരനൊപ്പമാണ് ജാനകി അദാലത്തിലെത്തിയത്. നാല് പെണ് മക്കളുള്ള അമ്മ കൂലിപ്പണിക്ക് പോയി രണ്ടു പെണ്മക്കളുടെ വിവാഹം നടത്തി. ബാക്കി രണ്ട് മക്കളും അമ്മയ്ക്കൊപ്പമുണ്ട്. മക്കള്‍ തൊഴിലുറപ്പിന് പോയാണ് അമ്മയ്ക്കുള്ള മരുന്നിനും നിത്യചിലവിനും വക കണ്ടെത്തുന്നത്. ചികിത്സ മുടങ്ങാതിരിക്കാനാണ് പദ്ധതിയില്‍ അപേക്ഷിച്ചത്. എന്നാല്‍ 50 വയസില്‍ താഴെയുള്ള വിധവകള്‍ക്കായി വിഭാവനം ചെയ്ത പദ്ധതി 73 പിന്നിട്ട ജാനകിയമ്മയ്ക്ക് അനുവദിക്കാനാകില്ലെന്ന് മനസിലാക്കിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ആരോഗ്യസാമൂഹിക നീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഇടപെട്ട് ധനസഹായം അനുവദിച്ചത്. പ്രതീക്ഷയറ്റ നേരത്ത് താങ്ങായ മന്ത്രിയുടെ നടപടിയില്‍ മനം നിറഞ്ഞാണ് ജാനകിയമ്മ വേദി വിട്ടിറങ്ങിയത്.
ആശ്വാസമായി സാന്ത്വന സ്പര്‍ശം
ഇരുവൃക്കകളും തകരാറിലായ കുഞ്ഞഹമ്മദിന്റെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കും: ആരോഗ്യ മന്ത്രി
ഇരുവൃക്കകളും തകരാറിലായ കുഞ്ഞഹമ്മഹമ്മദിന്റെ ഇനിയുള്ള മുഴുവന്‍ ചികിത്സയും ദേശീയ ആരോഗ്യ ദൗത്യത്തിലൂടെ സൗജന്യമായി ലഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഉറപ്പു നല്കി. പള്ളിക്കര പഞ്ചായത്തിലെ സി എച്ച് സഫറൂന്നീസയുടെ മകനാണ് 11 കാരനായ കുഞ്ഞഹമ്മദ്. ഇരുവൃക്കകളും തകരാറിലായ കുഞ്ഞഹമ്മദിന് ചികിത്സയ്ക്കായി പ്രതിമാസം കുറഞ്ഞത് 20,000 രൂപയെങ്കിലും വേണം. സാമ്പത്തികമായി ഏറെ കഷ്ടതയനുഭവിക്കുന്ന സഫറൂന്നീസയ്ക്കും കുടംുബത്തിനും താങ്ങാവുന്നതിനുമപ്പുറമാണ് ചികിത്സാ ചിലവുകള്‍. മകന്റെ ജീവിതത്തിന് സഹായം ചോദിച്ചാണ് സഫറൂന്നീസ മുഖ്യമന്ത്രിയുടെ സാന്ത്വന സ്പര്‍ശം അദാലത്തില്‍ ആരോഗ്യമന്ത്രിയെ കാണാനെത്തിയത്. കുഞ്ഞഹമ്മദിന്റെ വേദന നേരില്‍ കണ്ടറിഞ്ഞ മന്ത്രി തുടര്‍ചികിത്സ മുഴുവന്‍ ആരോഗ്യവകുപ്പ് ഏറ്റെടുക്കുമെന്ന് ഉറപ്പു നല്‍കുകയായിരുന്നു.
അനുവദിച്ചത് മണിക്കൂറുകള്‍ക്കകം
മുഹമ്മദ് ഫവാസ് മൊയ്തീന് ആശ്വാസമായി പ്രത്യേക വീല്‍ചെയര്‍
സ്പാസ്ടിക് ക്വാഡ്രിപ്ലിജിയ (കഴുത്തിന് താഴെ ശരീരം തളര്‍ന്ന് പോകുന്ന അവസ്ഥ) എന്ന ഭിന്നശേഷി വിഭാഗത്തില്‍പ്പെടുന്ന പള്ളിക്കരയിലെ ഒമ്പത് വയസ്സുകാരനായ മുഹമ്മദ് ഫവാസ് മൊയ്തീന് പ്രാഥമിക കൃത്യങ്ങള്‍ ചെയ്യാന്‍ സാധിക്കുന്ന വീല്‍ചെയര്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ കാഞ്ഞങ്ങാട്ടെ സാന്ത്വന സ്പര്‍ശം അദാലത്ത് വേദിയില്‍ കൈമാറി. രണ്ട് ദിവസം മുന്‍പാണ് മൊയ്്തീന്‍ പരാതി അദാലത്തിലേക്ക് സമര്‍പ്പിച്ചത്. തുടര്‍ന്ന് പരവനടുക്കം പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ ജില്ലാ ഭരണകൂടം അംഗപരിമിതര്ക്കാര്ക്കായി നടത്തുന്ന വി ഡിസര്‍വ് മെഡിക്കല്‍ ക്യാമ്പിലെത്തിയ മുഹമ്മദ് ഫവാസിന് വീല്‍ ചെയര്‍ അനുവദിക്കാന്‍ ഉത്തരവാവുകയായിരുന്നു.
കുഞ്ഞിന്റെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് പുതുക്കി നല്‍കണം, പ്രാഥമിക കൃത്യങ്ങള്‍ നിറവേറ്റാന്‍ ആവശ്യമായ കസേര, കുളിക്കാന്‍ സാധിക്കുന്ന കസേര എന്നിവയായിരുന്നു പിതാവ് മൊയ്തീന് ആവശ്യപ്പെട്ടിരുന്നത്. വി ഡിസര്‍വ് ക്യാമ്പില്‍ സര്‍ട്ടിഫിക്കറ്റ് പുതുക്കി ലഭിച്ച ഫവാസിന് തൊട്ടടുത്ത മണിക്കൂറില്‍ തന്നെ പ്രാഥമിക സൗകര്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കുന്ന കസേരയും സ്വന്തമായി. വിഡിസര്വ്വ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ ഉപകരണം നല്‍കിയത്. കുട്ടിയെ കിടത്തി കുളിപ്പിക്കാന്‍ സാധിക്കുന്ന ബാത്ത് ചെയര്‍ വേണമെന്ന ആവശ്യവും പിതാവ് മന്ത്രിയോട് ഉന്നയിച്ചു. എത്രയും വേഗം കുട്ടിക്ക് ആവശ്യമായ സൗകര്യങ്ങള്‍ എത്തിച്ചു നല്‍കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ബാബുവിന് ആരോഗ്യ മന്ത്രി നിര്‍ദേശം നല്കി.
റേഷന്‍ കാര്‍ഡ് ബി.പി.എല്‍ ആക്കണം, ജില്ലയില്‍ ന്യൂറോളജിസ്റ്റിന്റെ സേവനം അനുവദിക്കണം എന്നിവയാണ് മൊയ്തീന് ഇതോടൊപ്പം ഉന്നയിച്ചത്. ഉടന്‍ ആവശ്യങ്ങളെല്ലാം നിറവേറുമെന്നും അതാത് വകുപ്പുകളെ വിഷയങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഏലിക്കുട്ടിയ്ക്ക് കരുതല്‍
മകന്റെ സ്ഥലംമാറ്റം സംബന്ധിച്ച പരാതിയുമായാണ് വയനാട് സ്വദേശി ഏലിക്കുട്ടി കാഞ്ഞങ്ങാട്ടെ സാന്ത്വന സ്പര്‍ശം അദാലത്തില്‍ എത്തിയത്. ജില്ലാ ആശുപത്രിയില്‍ ആംബുലന്‍സ് ഡ്രൈവറായി ജോലി ചെയ്യുന്ന മകന് ജോമോന് നാടായ വയനാട്ടിലേക്ക് സ്ഥലംമാറ്റം അനുവദിക്കണമെന്നും അല്ലെങ്കില്‍ കാഞ്ഞങ്ങാട് സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സ് അനുവദിക്കണമെന്ന ആവശ്യവുമായാണ് ഏലിക്കുട്ടി ആരോഗ്യ വകുപ്പ് മന്ത്രിയ്ക്ക് മുന്നിലെത്തിയത്. വയനാട് മക്കിയാട്ടെ ഇവരുടെ വീട് കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ ഭാഗികമായി തകര്‍ന്നു. നിലവില്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്ക് സമീപം മകനും ഭാര്യയും രണ്ട് പെണ്കുഞ്ഞുങ്ങളുമൊത്ത് വാടക വീട്ടില്‍ കഴിയുകയാണ് ഏലിക്കുട്ടി. സ്വന്തമായി വീട് വെക്കാനുള്ള പ്രാപ്തി ഇവര്‍ക്കില്ല. അതിനാല്‍ കാഞ്ഞങ്ങാട് ഫാമിലി ക്വാര്‍ട്ടേഴ്സ് അനുവദിക്കുകയോ സ്വന്തം ജില്ലയിലേക്ക് സ്ഥംലം മാറ്റം നല്‍കുകയോ വേണമെന്ന് അവര്‍ മന്ത്രിയോട് പറഞ്ഞു. പരാതി പരിഗണിച്ച ശേഷം ആവശ്യമായ നടപടിയെടുക്കാന്‍ മന്ത്രി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. സ്ഥലം മാറ്റമോ, ഫാമിലി ക്വാര്‍ട്ടേഴ്സോ ഏതെങ്കിലും ഒന്ന് മകന് ലഭിക്കുമെന്ന് മന്ത്രി ഏലിക്കുട്ടിക്ക് ഉറപ്പ് നല്കി. നിറഞ്ഞ ആശ്വാസത്തോടെയാണ് ഏലിക്കുട്ടി അദാലത്ത് വേദിയില്‍ നിന്ന് മടങ്ങിയത്.
കള്ളാറിലെ സൗമ്യ ഷിന്റോയുടെ കണ്ണീരൊപ്പി സാന്ത്വന സ്പര്‍ശം
സര്‍ക്കാര്‍ കരുതല്‍ തേടി മുഖ്യമന്ത്രിയുടെ സാന്ത്വന സ്പര്‍ശം അദാലത്തിലെത്തിയ കള്ളാറിലെ സൗമ്യ ഷിന്റോ നിറഞ്ഞ മനസ്സോടെ വീട്ടിലേക്ക് മടങ്ങി. സ്വകാര്യ ആശുപത്രിയില്‍ സ്ററാഫ് നഴ്സായി ജോലി ചെയ്ത് വരുന്നതിനിടെയാണ് രണ്ടാമത്തെ മകള്‍ക്ക് തെരേസ മറിയത്തിന്റെ ചികിത്സയ്ക്കായി ഒന്നര വര്‍ഷം ജോലിയില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നത്. മംഗലാപുരം യേനപ്പോയ ആശുപത്രിയില്‍ താമസിച്ച് ചികിത്സിച്ചിട്ടും കുഞ്ഞിന് കേള്‍വി ശക്തിയും സംസാരശേഷിയും നഷ്ടമായി. കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ ഭര്‍ത്താവിന് പക്ഷാഘാതം വന്നതോടെ കുടുംബം ദുരിതത്തിലായി. മൂന്ന് പെണ്‍കുഞ്ഞുങ്ങള്‍ അടങ്ങിയ നിര്‍ധന കുടുംബത്തിന് വീടും മകള്‍ക്ക് ശ്രവണ സഹായിയും ആയിരുന്നു, ആവശ്യം.
റവന്യൂ മന്ത്രിയുടെ മുന്നില്‍ സങ്കടവുമായി എത്തിയ സൗമ്യയ്ക്കും കുടുംബത്തിനും സര്‍ക്കാര്‍ ഭവന പദ്ധതിയായ ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി ഫഌറ്റ് നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കാമെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തെരേസ മറിയത്തിന് ശ്രവണ സഹായി നല്‍കാനുള്ള നടപടികളും സ്വീകരിക്കും. മന്ത്രിയുടെ വാക്കുകള്‍ മകളുടെ ചികിത്സയ്ക്കായി കയ്യിലുണ്ടായിരുന്നതെല്ലാം വിറ്റ ദമ്പതികള്‍ക്ക് ആശ്വാസമായി. സങ്കടങ്ങള്‍ മുഴുവനായും കേട്ട് കൃത്യമായ പരിഹാരം ലഭിച്ചതോടെ നിറഞ്ഞ സന്തോഷത്തില്‍ കുടുംബം വീട്ടിലേക്ക് മടങ്ങി. സര്‍ക്കാര്‍ സഹായത്തില്‍ ശ്രവണ സഹായി ലഭിച്ചാല്‍ ഓഡിയോളജി സ്പീച്ച് തെറാപ്പിസ്റ്റിന്റെ സഹായത്തോടെ ഒന്‍പത് വയസ്സുകാരി തെരേസയ്ക്ക് ഒന്നാം ക്ലാസ് മുതല്‍ പഠിച്ചു തുടങ്ങാം.
പ്രണവിന് തുടര്‍ചികില്‍സയുടെ ആശ്വാസ സ്പര്‍ശം
അരയ്ക്ക് താഴെ അസുഖം ബാധിച്ച് നടക്കാനാകാത്ത അവസ്ഥയിലായ ഇടയിലക്കാട് പ്രണവിന് കരുതലായി സാന്ത്വന സ്പര്‍ശം. 19 വയസുകാരനായ പ്രണവ് ഒമ്പത് വയസ്സ് മുതല്‍ അരയ്ക്ക് താഴെ അസുഖം ബാധിച്ച് നടക്കാനാകാത്ത അവസ്ഥയിലാണ്. ആരോഗ്യ പ്രശ്നം മൂലം പത്താം ക്ലാസ് വരെ മാത്രമാണ് പഠിച്ചത്. ഇതുവരെ 50 ലക്ഷത്തിലധികം രൂപ ചികിത്സയ്ക്കായി ഓട്ടോറിക്ഷ ഡ്രൈവറായ അച്ഛന് മുരളി ചിലവഴിച്ചു. നിലവില്‍ കോഴിക്കോട് മൈത്ര ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്ന പ്രണവിന് എഴുന്നേറ്റ് നടക്കണമെങ്കില്‍ എട്ട് ലക്ഷം രൂപ ചിലവുള്ള ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ചെയ്യണം. മകന്റെ ചികിത്സയ്ക്കൊപ്പം നിത്യവൃത്തിക്ക് ബുദ്ധിമുട്ടുന്ന കുടുംബത്തിന്റെ അവസ്ഥ നേരിട്ട് മനസിലാക്കി ആരോഗ്യ മന്ത്രി കെ കെ ശൈലജ ചികിത്സ ചിലവുകള്‍ പരിശോധിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സാമൂഹിക സുരക്ഷ മിഷന് നിര്‍ദ്ദേശം നല്കി. മകനോട് ചികിത്സക്കായി തയ്യാറാകാനും മന്ത്രി പറഞ്ഞു.
രാജപുരത്തെ കുഞ്ഞിക്കേളു നായരുടെ കുരങ്ങ് ശല്യത്തിന് പരിഹാരം
രാജപുരത്തെ കുഞ്ഞിക്കേളുനായര്ക്ക് ഇനി കുരങ്ങ് ശല്യം ഇല്ലാതെ കഴിയാം. കാലങ്ങളയി കൃഷിയിടത്തിലെ തെങ്ങില്‍ നിന്നും കരിക്കിന് കുലകള്‍ കുരങ്ങുകള്‍ നശിപ്പിക്കുന്നുവെന്ന കുഞ്ഞിക്കേളുനായരുടെ തലവേദനയ്ക്ക് സാന്ത്വന സ്പര്‍ശം അദാലത്തില്‍ പരിഹാരമായി. കുരങ്ങിനെ പിടികൂടാന്‍ വനം വകുപ്പ് പറമ്പില്‍ കൂടുവെക്കും. ഇതുവരെയായി കുരങ്ങ് ശല്യത്തിലുണ്ടായ നാശനഷ്ടം നല്‍കാനും വനം വകുപ്പ് തീരുമാനിച്ചു. കാലങ്ങളായുള്ള പ്രശ്നത്തിന് പരിഹാരമായ സന്തോഷത്തിലാണ് കുഞ്ഞിക്കേളുനായര്‍ വീട്ടിലേക്ക് മടങ്ങിയത്