ഏഴ് തലമുറയ്ക്കുള്ളത് സമ്പാദിച്ചില്ലേ, ഇനി എന്ത് നഷ്ടപ്പെടാനാണ്; കര്‍ഷകസമരത്തില്‍ ബോളിവുഡിന്റെ മൗനത്തിനെതിരെ ആഞ്ഞടിച്ച് നസിറുദ്ദിന്‍ ഷാ
മുംബൈ: കര്‍ഷകസമരത്തില്‍ മൗനം പാലിക്കുന്ന സെലിബ്രിറ്റികള്‍ക്കെതിരെ വിമര്‍ശനവുമായി ബോളിവുഡ് നടന് നസിറുദ്ദിന്‍ ഷാ. താന്‍ കര്‍ഷകരോടൊപ്പമാണെന്ന് പറഞ്ഞ അദ്ദേഹം കര്‍ഷകര്‍ക്കായി മുന്‍നിര താരങ്ങള്‍ മുന്നോട്ടുവരാത്തതിനെയും രൂക്ഷമായി വിമര്‍ശിച്ചു.
കൊടുംതണുപ്പിലും രാജ്യതലസ്ഥാനത്ത് സമരമിരിക്കുന്ന കര്‍ഷകര്‍ക്ക് മുന്നില്‍ കണ്ണടയ്ക്കാന്‍ എങ്ങനെയാണ് കഴിഞ്ഞതെന്ന് അദ്ദേഹം ചോദിച്ചു.
‘അവസാനം ശത്രുക്കളുടെ ശബ്ദമല്ല സുഹൃത്തുക്കളുടെ നിശബ്ദതയായിരിക്കും കേള്‍ക്കുക. കൊടും തണുപ്പിനെ പോലും വകവെയ്ക്കാതെ കര്‍ഷകര്‍ നടത്തുന്ന സമരത്തെ എങ്ങനെയാണ് കണ്ടില്ലെന്ന് നടിക്കുന്നത്. എനിക്കുറപ്പുണ്ട്. അവരുടെ സമരത്തിന് ഫലമുണ്ടാകും. എല്ലാവരും അവര്‍ക്കൊപ്പം ചേരുന്ന ഒരു ദിവസം വരും. നിശബ്ദരായിരിക്കുന്നത് പീഡകരെ പിന്തുണയ്ക്കുന്നതിന് തുല്യമാണ്’, നസിറുദ്ദിന്‍ ഷാ പറഞ്ഞു.
എന്തോ നഷ്ടപ്പെടുമെന്ന ഭയത്തിലാണ് ബോളിവുഡിലെ പ്രശസ്തര്‍ ഒന്നും മിണ്ടാത്തതെന്നും അദ്ദേഹം പറഞ്ഞു. ഏഴ് തലമുറയ്ക്ക് വേണ്ടതൊക്കെ സമ്പാദിച്ച താരങ്ങളാണ് ഇപ്പോള്‍ മൗനം പാലിക്കുന്നതെന്നും വായ തുറന്നാല്‍ ഇനി എന്താണ് നഷ്ടപ്പെടാനുള്ളതെന്നും അദ്ദേഹം ചോദിച്ചു.
കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രണ്ടുമാസത്തിലേറെയായി സമരം ചെയ്യുന്ന കര്‍ഷകരെ പിന്തുണച്ചുകൊണ്ട് റിയാന കഴിഞ്ഞ ദിവസം ചെയ്ത ട്വീറ്റ് ഏറെ ചര്‍ച്ചയായിരുന്നു. ഇത് വലിയ രീതിയില്‍ ചര്‍ച്ചയാകുകയും ചെയ്തതോടെ നിരവധി പേര് റിയാനയെ പിന്തുണച്ചും വിമര്‍ശിച്ചും രംഗത്തെത്തിയിരുന്നു.
അതേസമയം കര്‍ഷക നിയമങ്ങള്‍ പൂര്‍ണ്ണമായി പിന്‍വലിക്കുന്നതുവരെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍.ഖാസിപ്പൂരില്‍ കര്‍ഷകര്‍ നടത്തുന്ന സമരം ഒക്ടോബര്‍ രണ്ട് വരെ തുടരാനാണ് തങ്ങളുടെ തീരുമാനമെന്ന് ഭാരതീയ കിസാന്‍ യൂണിയന് നേതാവ് രാകേഷ് ടികായത് പറഞ്ഞു. സമരം അക്രമാസക്തമാകില്ലെന്നും സമാധാനപരമായി തന്നെ മുന്നോട്ടുപോകുമെന്നും ടികായത് പറഞ്ഞു.