മാവിലാ കടപ്പുറം ബോട്ട് ടെര്‍മിനല്‍ നാളെ മുഖ്യന്ത്രി പിണറായി വിജയന് നാടിന് സമര്‍പ്പിക്കും
ചെറുവത്തൂര്‍:വടക്കന്‍ കേരളത്തിലെ ഗ്രാമീണ ജീവിതങ്ങളെ അനാവരണം ചെയ്യാനും, അടുത്തറിയാനുമായി കണ്ണൂര്‍-കാസറഗോഡ് ജില്ലകളിലെ നദികളെയും കായലുകളെയും ബന്ധിപ്പിച്ച് സംസ്ഥാന ടൂറിസം വകുപ്പ് വിഭാവനം ചെയ്ത വിനോദ-വിജ്ഞാന പദ്ധതിയാണ് മലനാട് മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതി. പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച മാവിലാക്കടപ്പുറം ബോട്ട് ജെട്ടിയുടെ ഉദ്ഘാടനം നാളെ മുഖ്യന്ത്രി പിണറായി വിജയന് നിര്‍വ്വഹിക്കും. കണ്ണൂര്‍ ജില്ലയിലെ പറശ്ശിനികടവ് മുതല്‍ കാസറഗോഡ് ജില്ലയിലെ കോട്ടപ്പുറം വരെ സുഗമമായ ജലയാത്രക്കുള്ള അടിസ്ഥാന സൗകര്യനിര്‍മ്മാണ പ്രവൃത്തികളില്‍ കാസറഗോഡ് ജില്ലയില്‍ ആദ്യം പൂര്‍ത്തിയായ പദ്ധതിയാണ് മാവിലാകടപ്പുറം ബോട്ട് ജെട്ടി. 2 കോടി 92 ലക്ഷം രൂപ മുതല്‍ മുടക്കി വലിയപറമ്പ് പഞ്ചായത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയായ ബോട്ട് ജെട്ടി, കായലിനും കടലിനുമിടയില്‍ സ്ഥിതിചെയ്യുന്ന ഈ പഞ്ചായത്തിലെ വിനോദ സഞ്ചാര വികസനത്തിന് വലിയ മുതല്‍കൂട്ടാകും. വലിയ പറമ്പ് പഞ്ചായത്തിലെ മാടക്കാലില്‍ നിര്‍മ്മാണം പുരോഗമിച്ചു വരുന്ന ബോട്ട് ജെട്ടിയും, നീലേശ്വരം നഗരസഭയിലെ കോട്ടപ്പുറത്ത് എട്ട് കോടി രൂപ ചെലവഴിച്ചു നിര്‍മ്മിച്ചു വരുന്ന ഹൗസ് ബോട്ട് ടെര്‍മിനലും യാഥാര്‍ഥ്യമാകുന്നതോടെ തേജസ്വിനി പുഴയിലും വലിയപറമ്പ് കായലിലുമായി വ്യാപിച്ചുകിടക്കുന്ന ഉത്തര മലബാറിലെ കായല്‍ ടൂറിസത്തിന്റെ വികസനത്തില്‍ പുതിയ അദ്ധ്യയനം കൂട്ടി ചേര്‍ക്കപ്പെടും.