കത്വ ഫണ്ട്: ബാങ്ക് രേഖകൾ പുറത്തുവിടാൻ യൂത്ത് ലീഗ് തയ്യാറാകണം, പരാതി നൽകുമെന്നും ഐ എൻ എൽ നേതാവ് എൻ കെ അബ്ദുൾ അസീസ്
കോഴിക്കോട്: കത്വ ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് ബാങ്ക് രേഖ പുറത്തുവിടാൻ മുസ്ലീംയൂത്ത് ലീഗ് ഭാരവാഹികൾ തയ്യാറാകണമെന്ന് ഐഎൻഎൽ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എൻ കെ അബ്ദുൾ അസീസ് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഫണ്ട് തട്ടിപ്പിനെതിരെ പരാതി നൽകുന്ന കാര്യം പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.
മുബീൻ ഫാറൂഖി എന്ന അഭിഭാഷകനാണ് കേസ് നടത്തിപ്പിന്റെ ചുമതലയുണ്ടായിരുന്നത് എന്ന യൂത്ത്ലീഗിന്റെ വാദം ശരിയല്ല. കത്വയിൽ ഇരയ്ക്ക് വേണ്ടിയായിരുന്നില്ല, പ്രതികൾക്ക് വേണ്ടിയായിരുന്നു മുബീന്റെ ഇടപെടൽ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പെൺകുട്ടിക്ക് വേണ്ടി ഹാജരായ അഭിഭാഷക ദീപിക സിങ് രാജാവത്തിനെ പല വേദികളിലും യൂത്ത്ലീഗ് പങ്കെടുപ്പിച്ചിരുന്നു.
ഇപ്പോൾ അവരെ തള്ളിപ്പറയുകയാണ്. കേസ് കോർഡിനേറ്റ് ചെയ്യാനാണ് മുബീന്റെ ചുമതല എന്നതാണ് മറ്റൊരു വാദം. ഇതും തെറ്റാണ്. കോടതിയിലെ കേസുകൾ കോർഡിനേറ്റ് ചെയ്യാൻ അഭിഭാഷകനെ നിയോഗിക്കുന്ന പതിവില്ല. ദീപിക സിങ് ആക്രമണത്തിന് ഇരയായപ്പോഴും ഇയാൾക്കെതിരെ ഒരു പ്രതിഷേധവും എവിടെയും ഉയർന്നിരുന്നില്ല. കേസുമായി ഒരു ബന്ധവും ഇയാൾക്കുണ്ടായിരുന്നില്ല എന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്.
പി കെ ഫിറോസ് ഇപ്പോൾ അവതരിപ്പിച്ച കണക്കും ചന്ദ്രികയിൽ നേരത്തെ വന്ന കണക്കുകം തമ്മിൽ പൊരുത്തക്കേടുണ്ട്. മലപ്പുറത്ത് നിന്ന് ഫണ്ട് പിരിച്ചിട്ടില്ല എന്നാണ് ഫിറോസ് പറയുന്നത്. എന്നാൽ, ചന്ദ്രിക ദിനപ്പത്രത്തിൽ നേരത്തെ വന്ന കണക്കുകൾ ഇതുമായി പൊരുത്തപ്പെടുന്നില്ല. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ബാങ്ക് രേഖകൾ പുറത്തുവിടാൻ പി കെ ഫിറോസ് തയ്യാറാകണം. മലപ്പുറത്ത് പണപ്പിരിവ് നടത്തിയിട്ടില്ല എന്നാണ് ഇപ്പോൾ അവകാശപ്പെടുന്നത്. മലപ്പുറത്തെ നേതാക്കളും വ്യവസായികളും ഫണ്ട് നൽകിയിട്ടുണ്ടോ എന്നും വ്യക്തമാക്കണം.
പണം വകമാറ്റിയത് തെളിയിക്കുന്നവർക്ക് ഒരു കോടി ഇനാം നൽകാമെന്ന യൂത്ത്ലീഗിന്റെ വെല്ലുവിളി ഏറ്റെടുക്കുകയാണ്. തെളിവുകൾ നിരത്തി തട്ടിപ്പ് തെളിയിക്കാൻ ഒരുക്കമാണ്. യൂത്ത്ലീഗ് നേതാക്കൾ സംവാദത്തിന് തയ്യാറാകണമെന്നും അബ്ദുൾ അസീസ് ആവശ്യപ്പെട്ടു. ഐഎൻഎൽ സിറ്റി സെക്രട്ടറി സി അബ്ദുറഹീമും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.