കേന്ദ്ര ബി ജെ പി യുടെ വിജയ തന്ത്രം കേരളത്തിൽ പയറ്റാൻ സി പി എം, സൈബർ ടീമുകളുടെ നിയന്ത്രണം സംസ്ഥാന സമിതിക്ക്, സൈബർ പോരാളികളെ ഏകോപിപ്പിക്കും, വാർത്തയുമായി കേരള കൗമുദി
കണ്ണൂർ: സൈബറിടത്തിൽ കൃത്യമായ ആസൂത്രണത്തോടെ പ്രചാരണം ശക്തമാക്കാൻ സി.പി.എം. നിയമസഭ തിരഞ്ഞെടുപ്പ് മുന്നിലെത്തി നിൽക്കെ സർക്കാരിന്റെ നേട്ടങ്ങൾ കൃത്യമായി എത്തിക്കുന്നതിനും എതിരാളികളുടെ പ്രചാരണങ്ങളുടെ മുനയൊടിക്കുന്നതിനും പാർട്ടിയുടെ നിയന്ത്രണത്തിൽ തന്നെയാകും സൈബർ വിംഗ് പ്രവർത്തിക്കുന്നത്.കടുത്ത എതിർപ്പ് നേരിട്ടിട്ടും ബി.ജെ.പിയും നരേന്ദ്രമോദിയും ലോകസഭ തിരഞ്ഞെടുപ്പിൽ വിജയം കൈവരിച്ചതിൽ സൈബർ പ്രചാരണം വഹിച്ച പങ്ക് മനസിലാക്കിയാണ് സി.പി.എം സൈബർ വിംഗിനെ ഗൗരവമായെടുക്കുന്നത്. നിലവിൽ സി.പി.എം അനുകൂല സൈബർപോരാളികൾ സോഷ്യൽ മീഡിയയിൽ സജീവമാണെങ്കിലും ഇവയ്ക്ക് മേൽ പാർട്ടിയ്ക്ക് നിയന്ത്രണമൊന്നും ഇല്ല.പാർട്ടി നിലപാടുകൾ പരിഗണിക്കാതെയുള്ള ഇടപെടലുകളും ഈ ഗ്രൂപ്പുകളിൽ ഉണ്ടാകുന്നത് പരിഗണിച്ചാണ് പുതിയ വിംഗിനെ ഒരുക്കുന്നത്. പാർട്ടിയുടെ നിലപാടുകൾക്കപ്പുറം കടന്ന് രാഷ്ട്രീയ എതിരാളികൾക്കുമേൽ നടത്തുന്ന വ്യക്തിഗത കടന്നാക്രമണങ്ങൾ തിരിച്ചടിയാകുമെന്ന നിലപാടാണ് നേരിട്ടുള്ള നിയന്ത്രണത്തിൽ സൈബർ വിംഗിനെ നിയോഗിക്കാനുള്ള തീരുമാനത്തിന് പിന്നിൽ.എസ്.എഫ്.ഐ, ഡി. വൈ.എഫ്.ഐ, എൻ.ജി.ഒ യൂണിയൻ, കെ.എസ്.ടി.എ എന്നിവയിലെ പ്രവർത്തകരെ തിരഞ്ഞെടുത്ത് സൈബർ പോരാട്ടത്തിനിറക്കാനാണ് സി.പി.എം നേതൃത്വത്തിന്റെ തീരുമാനം.ഇവരിൽ ഡിസൈനിംഗ് ,എഴുത്ത്, വീഡിയോ എഡിറ്റിംഗ് എന്നിവയിൽ പരിചയസമ്പന്നരായവർക്കുള്ള രജിസ്ട്രേഷൻ കഴിഞ്ഞ ദിവസം ആരംഭിച്ചുകഴിഞ്ഞു. ഇതിനോടകം തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരത്തോളം പ്രവർത്തകരാണ് പേര് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രദേശികതലത്തിലും ജില്ലാ കമ്മിറ്റികൾക്കും സൈബർ വിംഗുകളുണ്ടെങ്കിലും വിവാദങ്ങൾ ഒഴിവാക്കി ഏകീകൃത മുഖമുണ്ടാക്കുവാനാണ് സംസ്ഥാന കമ്മിറ്റിയുടെ നേത്യത്വത്തിൽ നേരിട്ട് സൈബർ വിംഗ് രൂപീകരിക്കുന്നത്.നിയന്ത്രണത്തിന് സംസ്ഥാനതല സമിതിയുംസൈബർ വിംഗിനെ നിയന്ത്രിക്കാൻ സംസ്ഥാന കമ്മിറ്റി പ്രത്യേകസമിതിയെയും ഇതിനോടകം നിയോഗിച്ചിട്ടുണ്ട്. ആകർഷകമായ പോസ്റ്റുകളും പ്രധാന നേതാക്കളുടെ വീഡിയോയും എതിർ പാർട്ടികളെ കുറിച്ചുള്ള ട്രോളുകളും സോഷ്യൽ മീഡിയയിൽ സജീവമാകുന്നതോടെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നിർണായക സ്വാധീനം ചെലുത്തുന്ന പുതുതലമുറ വോട്ടുകൾ നേടാൻ കഴിയുമെന്ന വിശ്വാസത്തിലാണ് സി.പി.എം