കാണാതായ വേണാട് ബസ് പാരിപ്പളളിയിൽ നിന്ന് പൊക്കി; നടന്നത് ‘കൊല്ലം മോഡൽ’ എന്ന് സംശയം
കൊല്ലം: കൊട്ടാരക്കര കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്ന് കാണാതായ ബസ് കണ്ടെത്തി. മണിക്കൂറുകൾ നീണ്ട അന്വേഷണത്തിനൊടുവിൽ പാരിപ്പളളിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ബസ് കണ്ടെത്തിയത്. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. ഡിപ്പോയ്ക്ക് സമീപം കൊട്ടാരക്കര മുൻസിപ്പാലിറ്റി ഓഫീസിന് മുന്നിൽ നിന്നാണ് ബസ് മോഷ്ടിക്കപ്പെട്ടത്. ഡിപ്പോ അധികൃതർ കൊട്ടാരക്കര പൊലീസിന് പരാതി നൽകിയതിന് പിന്നാലെ പൊലീസ് നടത്തിയ തിരച്ചിലിലാണ് ബസ് കണ്ടെത്തിയത്.ഇന്നലെ രാത്രി ഗാരേജിൽ സർവീസിന് വേണ്ടി കയറ്റിയ വണ്ടിയാണിത്. പുലർച്ചെ പന്ത്രണ്ടരയോടെ സർവീസ് പൂർത്തിയാക്കി മുനിസിപ്പാലിറ്റി ഓഫീസിന് സമീപം പാർക്ക് ചെയ്തിരുന്നു. രാവിലെ വണ്ടിയെടുക്കാൻ ഡ്രൈവർ ഇവിടെയെത്തിയപ്പോൾ വണ്ടി ഉണ്ടായിരുന്നില്ല. ഏതെങ്കിലും ഡ്രൈവർ വണ്ടി മാറിയെടുത്ത് പോയതാകാമെന്ന ധാരണയിൽ, ഡിപ്പോയിൽ നിന്ന് പോയ മുഴുവൻ ഡ്രൈവർമാരെയും ബന്ധപ്പെട്ടു. എന്നാൽ ആരുടെ പക്കലും വണ്ടി ഉണ്ടായിരുന്നില്ല.റോഡരികിൽ നിർത്തിയിട്ടിരുന്ന വണ്ടി ആരെങ്കിലും എടുത്തുകൊണ്ട് പോയതാകാമെന്ന നിഗമനത്തിലാണ് പൊലീസും എത്തിച്ചേർന്നിരിക്കുന്നത്. കെ എസ് ആർ ടി സി ബസായതിനാൽ അധിക ദൂരമൊന്നും പോകാനാവില്ലെന്ന പ്രതീക്ഷയിലായിരുന്നു പൊലീസും അന്വേഷണം ആരംഭിച്ചത്. ഇതിന് പിന്നാലെയാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ പാരിപ്പളളിയിൽ നിന്നും ബസ് കണ്ടെത്തിയത്.ഏതാനും ദിവസങ്ങൾക്ക് മുമ്പ് കൊല്ലത്തും സമാനമായ സംഭവം നടന്നിരുന്നു. രാത്രി ഏറെ വൈകിയിട്ടും ബസ് വരാതിരുന്നതോടെ നിർത്തിയിട്ടിരുന്ന ഒരു ബസ് യാത്രക്കാരൻ എടുത്തുകൊണ്ടുപോവുകയായിരുന്നു. മോഷണത്തിന് പിന്നിൽ ആരാണെന്ന് അറിയാനുളള നെട്ടോട്ടത്തിലാണ് പൊലീസ്.