കാസർകോട് ജനറൽ ആശുപത്രിയിലെ നവീകരിച്ച ഒ പി വിഭാഗവും രക്ത ഘടകങ്ങള്‍ വേര്‍തിരിക്കുന്ന യൂണിറ്റും നാളെ ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്യും
കാസര്‍കോട്: ജില്ലാ ജനറലാശുപത്രിയിലെ നവീകരിച്ച ഒപി വിഭാഗവും രക്ത ഘടകങ്ങള്‍ വേര്‍തിരിക്കുന്ന യൂണിറ്റും ഫെബ്രുവരി ഒമ്പതിന് വൈകീട്ട് 6.30ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്യും.
എന്‍.എ.നെല്ലിക്കുന്ന് എം എല്‍ എ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ ഡോ.ഡി. സജിത്ത് ബാബു മുഖ്യപ്രഭാഷണം നടത്തും.
ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി എന്‍ എച്ച് എം ഫണ്ടുപയോഗിച്ച് നവീകരിച്ച പുതിയ ഓ പി യില്‍ കാത്തിരിപ്പ് മുറി, ഓ.പി.ടിക്കറ്റ് കൗണ്ടര്‍, ഇന്‍ഷുറന്‍സ് കൗണ്ടര്‍, ജനറല്‍ ഓ.പി എന്നിവയാണ് പ്രവര്‍ത്തിക്കുക. ഭിന്നശേഷി ശുചിമുറി ഉള്‍പ്പെടെ രോഗികള്‍ക്കുള്ള ശുചിമുറി സൗകര്യവും ഇവിടെ ഉണ്ട്.
നവീകരിച്ച ബ്ലഡ് ബാങ്കിലെ കംപോണന്റ് സെപ്പറേഷന്‍ യൂണിറ്റിന് ദാതാക്കളില്‍ നിന്ന് ശേഖരിച്ച രക്തം അതുപോലെ തന്നെ നല്‍കാനുള്ള ലൈസന്‍സ് നേരത്തെ ഉണ്ടായിരുന്നു. ചുവന്ന രക്താണുക്കള്‍) പ്ലാസ്മ, പ്ലേറ്റ്ലറ്റ് കോണ്‍സന്‍ട്രേറ്റ് എന്നീ ഘടകങ്ങള്‍ രക്തത്തില്‍ നിന്ന് വേര്‍തിരിച്ച് നല്‍കാനുള്ള ലൈസന്‍സ് കൂടി പുതിയതായി ജനറലാശുപത്രിയ്ക്ക് ലഭിച്ചു. 87,70,000 രൂപ വിലവരുന്ന ഉപകരണങ്ങള്‍ സര്‍ക്കാര്‍ നേരിട്ടും 9, 82,000 രൂപയുടെ ഉപകരണങ്ങള്‍ കാസര്‍കോട് വികസന പാക്കേജ് മുഖേനയും ലഭ്യമാക്കി. ആശുപത്രിയിലെ പ്രധാന ജനറേറ്ററില്‍ നിന്ന് 2, 20, 000 രൂപ ചെലവഴിച്ച് ബ്ലഡ് ബാങ്കിലേക്ക് കേബിള്‍ ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ പണം നല്കി. കേരളാ സ്റേററ് എയ്ഡ്സ് കണ്ട്രോള് സൊസൈറ്റി ഇവിടെയ്ക്ക് നാല് ജീവനക്കാരെ നിയമിക്കുകയും, 15 കി.വാ ജനറേറ്റര്‍ നല്‍കുകയും ചെയ്തു. ഫ്ളോറിംഗും അറ്റകുറ്റപ്പണികളും എന്‍. എ. നെല്ലിക്കുന്ന് എം എല്‍ എ യുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 8,50, 000 രൂപ ഉപയോഗിച്ച് പി.ഡബ്ള്യു. ഡി. കെട്ടിട നിര്‍മ്മാണ വിഭാഗമാണ് നടത്തിയത്. ആശുപത്രി വികസന സമിതി ഫണ്ടുപയോഗിച്ച് 4, 80,000 രൂപ ചെലവില്‍ വൈദ്യുതീകരണം നടത്തി.