ഗുലാം നബി ആസാദിനെ കേരളത്തില്‍നിന്ന് രാജ്യസഭയിലെത്തിക്കാന്‍ കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: കേരളത്തില്‍ ഒഴിവു വരുന്ന രാജ്യസഭാ സീറ്റില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിനെ ഹൈക്കമാന്‍ഡ് പരിഗണിക്കുന്നു. ഫെബ്രുവരി 15-ന് ഗുലാം നബി ആസാദിന്റെ രാജ്യസഭാ അംഗത്വ കാലാവധി അവസാനിക്കും. കോണ്‍ഗ്രസിന് കേരളത്തില്‍ മാത്രമാണ് ജയസാധ്യതയുള്ള സീറ്റുള്ളത്. കെ.പി.സി.സിയുമായി ആലോചിച്ച് ഹൈക്കമാന്‍ഡ് അന്തിമ തീരുമാനമെടുക്കും.
കോണ്‍ഗ്രസിന്റെ രാജ്യസഭാ കക്ഷി നേതാവാണ് ഗുലാം നബി ആസാദ്. നിലവില്‍ കശ്മീരില്‍നിന്നുള്ള രാജ്യസഭാംഗമാണ് ഇദ്ദേഹം. എന്നാല്‍ ജമ്മു കശ്മീരിനെ കേന്ദ്ര ഭരണ പ്രദേശമായി പ്രഖ്യാപിച്ചതിനു പിന്നാലെ അവിടുത്തെ നിയമസഭ ഇല്ലാതായി. ഇതോടെയാണ് മറ്റൊരു സംസ്ഥാനത്തുനിന്ന് ആസാദിനെ രാജ്യസഭയില്‍ എത്തിക്കാനുള്ള ശ്രമം ഹൈക്കമാന്‍ഡ് ആലോചിക്കുന്നത്.
ഏപ്രില്‍ 21-നാണ് കേരളത്തില്‍ മൂന്ന് രാജ്യസഭാ സീറ്റുകള്‍ ഒഴിവു വരുന്നത്. ഒരു സീറ്റ് യു.ഡി.എഫിന് ലഭിക്കുമെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആസാദിനെ രാജ്യസഭയിലെത്തിക്കാന്‍ ഹൈക്കമാന്‍ഡ് പദ്ധതിയിടുന്നത്. രാജ്യസഭ കക്ഷി നേതാവ് ആയതിനാല്‍ തന്നെ ആസാദിനെ വീണ്ടും രാജ്യസഭയില്‍ എത്തിക്കണമെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നത്.
പാര്‍ട്ടിയില്‍ സമ്പൂര്‍ണ അഴിച്ചുപണി ആവശ്യപ്പെട്ട് 23 തിരുത്തല്‍വാദി നേതാക്കള്‍ ഹൈക്കമാന്‍ഡിന് കത്തയച്ചിരുന്നു. ഇതില്‍ പ്രധാനിയാണ് ഗുലാം നബി ആസാദ്. അതുകൊണ്ടു തന്നെ ഗുലാം നബി ആസാദിനെ വീണ്ടും രാജ്യസഭയില്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കമാന്‍ഡില്‍ ചില തര്‍ക്കങ്ങളുമുണ്ട്. അതേസമയം ആസാദിന് വീണ്ടും അവസരം നല്‍കണമെന്ന് ഉന്നയിക്കുന്നവരുമുണ്ട്.
1980 മുതല്‍ തുടര്‍ച്ചയായി പാര്‍ലമെന്റ് അംഗമായിരുന്നു ഗുലാം നബി ആസാദ്. രണ്ടു തവണ ലോക്സഭയിലും അഞ്ചുതവണ രാജ്യസഭയിലും എത്തിയിട്ടുണ്ട്. അതേസമയം, ഗുലാം നബി ആസാദിനെ മാറ്റി നിര്‍ത്തി മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ രാജ്യസഭാ കക്ഷി നേതാവാക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. കെ.സി. വേണുഗോപാലിനെ രാജസ്ഥാനില്‍നിന്ന് രാജ്യസഭയിലെത്തിച്ച മാതൃക ആസാദിന്റെ കാര്യത്തിലും നടപ്പാക്കാനാണ് തീരുമാനം. വയലാര്‍ രവിയുടെ രാജ്യസഭാ അംഗത്വ കാലാവധി പൂര്‍ത്തിയാകുന്ന ഒഴിവിലേക്കാണ് ആസാദിനെ പരിഗണിക്കുന്നത്.