നിയമസഭ : മലപ്പുറം ജില്ലയില്‍ അട്ടിമറി വിജയം പ്രതീക്ഷിച്ച് ഇടത് മുന്നണി, ലക്ഷ്യം എട്ട് സീറ്റുകൾ നിലമ്പൂരിൽ അൻവർ തന്നെ
മലപ്പുറം : നിയമസഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയില്‍ അട്ടിമറി വിജയം പ്രതീക്ഷിച്ച് ഇടത് മുന്നണി. ഇത്തവണ ജില്ലയില്‍ എട്ട് സീറ്റുകളാണ് സിപിഐഎം ലക്ഷ്യം വയ്ക്കുന്നത്. വിവാദങ്ങള്‍ക്ക് ഇടയിലും പൊന്നാനിയില്‍ നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും തവനൂരില്‍ മന്ത്രി ഡോ.കെ.ടി. ജലീലും വീണ്ടും ജനവിധി തേടിയേക്കും. രണ്ടുതവണയില്‍ കൂടുതല്‍ വിജയിച്ചവര്‍ മത്സരിക്കേണ്ടതില്ലെന്ന സിപിഐഎം തീരുമാനത്തില്‍ ഇളവു ലഭിക്കുന്നവരുടെ കൂട്ടത്തില്‍ പി. ശ്രീരാമകൃഷ്ണനും ഉള്‍പ്പെട്ടേക്കും. വിജയം ഉറപ്പിക്കാനായി ഇരുവരും മണ്ഡലത്തില്‍ സജീവമായി തുടങ്ങി.
മുസ്ലീംലീഗ് തട്ടകമായ മലപ്പുറം ജില്ലയില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാലു സീറ്റുകളില്‍ അട്ടിമറി വിജയം എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നുണ്ട്. പെരിന്തല്‍മണ്ണ, തിരൂര്‍, തിരൂരങ്ങാടി, മങ്കട മണ്ഡലങ്ങളിലാണ് എല്‍ഡിഎഫ് അട്ടിമറി വിജയം പ്രതീക്ഷിക്കുന്നത്. ഇതോടെ സിറ്റിംഗ് സീറ്റുകള്‍ നിലനിര്‍ത്തുന്നതോടൊപ്പം നാലുസീറ്റുകള്കൂടി പിടിച്ചെടുത്ത് എട്ടു സീറ്റുകളാണ് എല്‍ഡിഎഫ് മലപ്പുറത്ത് ലക്ഷ്യം വയ്ക്കുന്നത്. രണ്ടുതവണയില്‍ കൂടുതല്‍ വിജയിച്ചവര്‍ മത്സരിക്കേണ്ടതില്ലെന്ന സിപിഐഎം തീരുമാനത്തില്‍ ഇളവു ലഭിക്കുന്നവരുടെ കൂട്ടത്തില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും ഉള്‍പ്പെട്ടേക്കും.
നിലമ്പൂരില്‍ പി.വി. അന്‍വര്‍ വീണ്ടും മത്സരിച്ചേക്കും. എന്നാല്‍ താനൂര്‍ എംഎല്‍എ വി. അബ്ദുറഹ്മാന് ഇത്തവണ ജന്മനാടായ തിരൂര്‍ മണ്ഡലത്തില്‍ മത്സരിക്കാനാണ് സാധ്യത. 2011ലെ ആദ്യ മത്സരത്തില്‍ ശ്രീരാമകൃഷ്ണന് നാലായിരത്തില്പരം വോട്ടുകള്‍ക്കായിരുന്നു വിജയം. തുടര്‍ച്ചയായ വിവാദങ്ങളില്‍ കുടുങ്ങിയെങ്കിലും ശ്രീരാമകൃഷ്ണന്റെ വിജയം പൊന്നാനിയില്‍ ഉറപ്പാണെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. വിജയം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കെ.ടി. ജലീലിനെ വീണ്ടും തവനൂരില്‍ പരിഗണിക്കുന്നത്. എല്ലാവിഭാഗം വോട്ടുകളും നേടാനുള്ള ജലീലിന്റെ കഴിവാണ് തവനൂരില്‍ പുതിയ പരീക്ഷണം വേണ്ട എന്നതിലേക്ക് നേതൃത്വത്തെ എത്തിക്കുന്നത്.