ജില്ലാ കളക്ടറുടെ ഉത്തരവിറങ്ങി പൊയിനാച്ചി-മാണിമൂല റൂട്ടിൽ ബേഡകം വളവിലെ സ്ഥലം ഏറ്റെടുക്കാന്‍ വിജ്ഞാപനമിറങ്ങി
കാസർകോട് : കിഫ്ബി പദ്ധതിയില്‍ നവീകരണം അന്തിമഘട്ടത്തിലെത്തിയ പൊയിനാച്ചി-ബന്തടുക്ക-മാണിമൂല (തെക്കില്‍-ആലട്ടി) റോഡിലെ ബേഡകം വളവ് നേരെയാക്കാന്‍ ഒടുവില്‍ ഭൂമി ഏറ്റെടുക്കുന്നു. ഇതിനായി സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. ബേഡഡുക്ക വില്ലേജിലെ 0.235 ഹെക്ടര്‍ ഭൂമിയാണ് 2013-ലെ ഭൂമിയേറ്റെടുക്കലില്‍ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള അവകാശനിയമപ്രകാരം കൈമാറേണ്ടത്.
തെക്കില്‍-ആലട്ടിറോഡ് വികസനത്തിന് നഷ്ടപരിഹാരം നല്കി ഏറ്റെടുക്കുന്ന ഭൂമി ഇതുമാത്രമാണ്. മറ്റിടങ്ങളില്‍ കര്‍മസമിതിയും കെ.കുഞ്ഞിരാമന് എം.എല്‍.എ.യും ചേര്‍ന്ന് സമവായത്തിലൂടെ ആവശ്യമായ സ്ഥലം കണ്ടെത്തുകയായിരുന്നു. സ്ഥലം ലഭ്യമാകാത്തതിനാല്‍ ബേഡകം വളവില്‍ നിലവിലുണ്ടായിരുന്ന റോഡിന്റെ സ്ഥാനത്ത് പുതിയ റോഡിന്റെ പ്രാരംഭപ്രവൃത്തി മാത്രമാണ് നടത്തിയിരുന്നത്. ഭൂമിയേറ്റെടുക്കല്‍ നടപടി പൂര്‍ത്തിയായശേഷം അലൈന്മെന്റ് പ്രകാരം ഇവിടത്തെ റോഡ് വികസനം ഇനി നടക്കും.
നിര്‍ദിഷ്ട ഭൂമി ഏറ്റെടുക്കുന്നതുമൂലം കൈവശക്കാരുടെ തൊഴിലിനോ വരുമാനത്തിനോ അവിടത്തെ പരിസ്ഥിതിക്കോ പൊതുഇടങ്ങള്ക്കോ സ്ഥാപനങ്ങള്‍ക്കോ ആഘാതമില്ലെന്നും ആരെയും കുടിയൊഴിപ്പിക്കേണ്ടതില്ലെന്നും ഇതുസംബന്ധിച്ച് സാമൂഹികപ്രത്യാഘാതപഠനം നടത്തിയ വിദഗ്ധസമിതി നേരത്തേ റിപ്പോര്‍ട്ടുചെയ്തിരുന്നു. അത് അംഗീകരിച്ച് കളക്ടര്‍ ഉത്തരവായതിനെത്തുടര്ന്നാണ് ഭൂമിയേറ്റെടുക്കാന്‍ നടപടിയായത്.