മദ്യശാലയിലുണ്ടായ അടിപിടിക്കൊടുവിൽ യുവാവ് മധ്യവയസ്കൻ്റെ ജനനേന്ദ്രിയം കടിച്ചെടുത്തു. വേർപെട്ട ജനനേന്ദ്രിയം തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ നടത്തിയ അടിയന്തിര ശസ്ത്രക്രിയയില്‍ തുന്നിച്ചേര്‍ത്തു. പുന്നൂക്കാവ് സ്വദേശി വാലിയില്‍ സുലൈമാന്‍ (55) ആണ് ആക്രമണത്തിനിരയായത്. പ്രതി പെരുമ്പടപ്പ് മണലൂര്‍ വീട്ടില്‍ ഷരീഫ് (28) നെ വടക്കേകാട് പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച രാത്രി കുന്നത്തൂര്‍ മന ബാറിലെ പാര്‍ക്കിങ് ഗ്രൗണ്ടിലാണ് സംഭവം. ഷരീഫ് ബാറിലേക്ക് ഓടിച്ചെത്തിയ ഓട്ടോ ടാക്സി ഇവിടെ നിര്‍ത്തിയിട്ടിരുന്ന കാറില്‍ തട്ടിയതാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതേ തുടര്‍ന്ന് കാറിലുള്ളവരും ഷരീഫും തമ്മില്‍ വാക്കുതര്‍ക്കവും കയ്യാങ്കളിയുമുണ്ടായി. ബഹളം കേട്ട് തടിച്ചുകൂടിയവര്‍ക്ക് നേരെയും ഷരീഫ് തട്ടിക്കയറി. ഇതിനിടയിലാണ് സുലൈമാനെ ആക്രമിച്ച് വീഴ്ത്തി ജനനേന്ദ്രിയം കടിച്ചെടുത്തത്. ഉടന്‍ കുന്നംകുളം റോയല്‍ ആശുപത്രിയിലും തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ബാറില്‍ എത്തുന്നതിനു മുന്‍പേ യുവാവ് ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഷരീഫിനെ പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നതിനിടെ ബാര്‍ ഉടമക്കും ജീവനക്കാര്‍ക്കും പരിക്കേറ്റു. കഴുത്തില്‍ ശക്തിയായി പിടിച്ച് ഞെരിച്ചായിരുന്നു ഇയാളുടെ ആക്രമണം.