ദില്ലി: കത്വ, ഉന്നാവ് പീഡനക്കേസുകളുമായി ബന്ധപ്പെട്ടുള്ള ഫണ്ട് ലീഗിനെതിരെയുള്ള ഫണ്ട് തിരിമറി ആരോപണത്തില്‍ കുഴുങ്ങി നിൽകുമ്പോൾ ഏഷ്യാനെറ്റ് ന്യൂസിന് ഓണ്‍ലൈനിനു നല്കിയ പ്രത്യേക അഭിമുഖ വാർത്ത വീണ്ടും ചർച്ചയാകുന്നു ,
ഏഷ്യാനെറ്റ് ന്യൂസ് വാർത്ത ഇങ്ങനെ …
രാജ്യത്തെ ഞെട്ടിച്ച കത്വ കൂട്ട ബലാല്‍സംഗ കേസില്‍ പ്രതികളെ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത് കൂട്ടായ പ്രയത്നത്തിന്റെ ഭാഗമാണെന്ന് പെണ്‍കുട്ടിയുടെ കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷകന് മുബീന് ഫാറൂഖി. കോടതി കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയ പ്രതിക്കെതിരെ അപ്പീല്‍ പോവുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിന് ഓണ്‍ലൈനിനു നല്കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.
കത്വ കേസ് വിധി വന്നതോടെ, പെണ്‍കുട്ടിക്കായി ആദ്യ ഘട്ടത്തില്‍ ഹാജരായിരുന്ന ദീപിക സിങ് രജാവത്തിനെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയയില്‍ നിരവധി പേര് രംഗത്തുവന്നിരുന്നു. എന്നാല്‍, പട്ടാന്‍കോട്ട് കോടതിയില്‍ പെണ്‍കുട്ടിയുടെ കുടുംബത്തിനുവേണ്ടി ഹാജരായത് ദീപിക ആയിരുന്നില്ല. സ്റ്റേറ്റിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍മാരും കുട്ടിയുടെ കുടുംബത്തിനു വേണ്ടി മുസ്ലിം ഫെഡറേഷന് ഓഫ് പഞ്ചാബിന്റെ സംസ്ഥാന പ്രസിഡന്റ് കൂടിയായ മുബീന് ഫാറൂഖിയുടെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘവുമാണ് ഹാജരായത്.
ജമ്മു കാശ്മീരില്‍ നിന്നും പഞ്ചാബിലെ പഠാന്‍കോട്ടിലേക്ക് കേസ് മാറ്റിയപ്പോഴാണ് മുബീന് ഫാറൂഖി കുടുംബത്തിന് വേണ്ടി ഹാജരായത്. ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ജമ്മു കാശ്മീരിലെ അഭിഭാഷകയായ ദീപിക സിങ് രജാവത്തിന് 100 ഓളം ദിവസം വാദം പിന്നിട്ടപ്പോഴും ഒരൊറ്റ തവണ മാത്രമാണ് കുടുംബത്തിന് വേണ്ടി കോടതിയില്‍ ഹാജരാകാന്‍ സാധിച്ചത്. കശ്മീരില്‍നിന്നും കേസിനായി പഞ്ചാബില്‍ വരാനുള്ള ബുദ്ധിമുട്ടുകള്‍ കാരണമാണ് അവര്‍ കോടതിയില്‍ എത്താതായത്’
പഠാന്‍കോട്ടില്‍ ദീപികയുടെ കോടതിയിലെ കാര്യങ്ങള്‍ നീക്കിയത് താന്‍ വഴിയാണ്. ദീപികയുടെ അസാന്നിദ്ധ്യം കേസിനെ ദുര്‍ബലപ്പെടുത്തിയേക്കും എന്ന് വന്നതോടെയാണ് കേസ് ഞാന്‍ ഏറ്റെടുക്കുന്നത്. ദീപിക കത്വ പെണ്‍കുട്ടിയുടെ പിതാവിന് വേണ്ടിയാണ് ഹാജരായത്. എന്നാല്‍ പെണ്‍കുട്ടിയുടെ വളര്‍ത്തച്ഛനാണ് എന്നെ ചുമതലപ്പെടുത്തിയത്’-അദ്ദേഹം പറഞ്ഞു.
‘കേസിനെ കുറിച്ച് അറിഞ്ഞ ആദ്യ ഘട്ടത്തില്‍ തന്നെ ഞങ്ങള്‍, മുസ്ലിം ഫെഡറേഷന് ഓഫ് പഞ്ചാബ് അംഗങ്ങള്‍ കത്വ പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. പിന്നീട് കേസ് പഞ്ചാബിലേക്ക് മാറ്റുകയാണെങ്കില്‍ കേസ് ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് അന്നേ അറിയിച്ചിരുന്നു. പിന്നീട് ദീപികയുമായും സംസാരിച്ചിരുന്നു’-ഫാറൂഖി താന്‍ എങ്ങിനെയാണ് കേസിന്റെ ഭാഗമായതെന്ന് വിശദീകരിച്ചു.
കേസില്‍ ഹാജരായ പബ്ലിക് പ്രൊസിക്യുട്ടര്‍മാര്‍ ഈ വിഷയത്തില്‍ സ്വീകരിച്ചത് ആത്മാര്‍ത്ഥമായ ഇടപെടലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ‘സ്റ്റേറ്റ് ചുമതലപ്പെടുത്തിയ പ്രോസിക്യൂട്ടര്‍മാരായ എസ്എസ് ചോപ്ര, സന്തോഷ് സിങ് ബസ്ര എന്നിവരും ക്രൈം ബ്രാഞ്ച് അഭിഭാഷകരായ ഭുപീന്ദര്‍, ഹര്‍മീന്ദര്‍ എന്നിവരും നടത്തിയ പ്രയത്നം ചെറുതല്ല. അവരുടെ ആത്മാര്‍ത്ഥമായ പരിശ്രമത്തിലൂടെയാണ് കുറ്റവാളികളെ നീതിക്ക് മുന്നില്‍ കൊണ്ടുവരാനായത്’-അദ്ദേഹം പറഞ്ഞു.
പ്രതികള്‍ക്ക് വധശിക്ഷ ലഭിക്കണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെട്ടത്. അതിന് വേണ്ടി മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകാനും തയ്യാറാണ്. വെറുതെ വിട്ട പ്രതിക്കെതിരെ ഞങ്ങള്‍ പഞ്ചാബ് ആന്റ് ഹരിയാന ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കും. അയാള്‍ കുറ്റക്കാരനാണ്. അയാളും ശിക്ഷിക്കപ്പെടേണ്ടതാണ്’-മുബീന് ഫറൂഖി പറഞ്ഞു.
‘ഒരു വര്‍ഷവും പത്ത് ദിവസവുമായി ഈ പോരാട്ടം നടക്കുന്നുണ്ട്. പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതോടെ എല്ലാം കഴിഞ്ഞു എന്ന് ധരിക്കരുത്. പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിച്ചില്ലെങ്കില്‍ ഉയര്‍ന്ന കോടതിയില്‍ അപ്പീല്‍ പോകണം. എങ്കിലും ആറ് പ്രതികളെ കുറ്റക്കാരാണെന്ന് വിധിച്ചതോടെ അത് കൂട്ടായ പോരാട്ടത്തിന്റെയും നീതിയുടെയും വിജയമാണ്,’ അദ്ദേഹം പറഞ്ഞു.