കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചു; ‘അമ്മ’യുടെ കെട്ടിടോദ്ഘാടനത്തില്‍, പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്
കൊച്ചി: മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ ആസ്ഥാന മന്ദിരം ഉദ്ഘാടനം കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന് യൂത്ത് കോണ്‍ഗ്രസ്. സംഘടനാ ഭാരവാഹികള്‍ക്കെതിരെ കേസെടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
കെട്ടിടത്തിന് പുറത്ത് പൊതുജനം തടിച്ച് കൂടി, എ.സി ഹാളിലെ ഉദ്ഘാടന പരിപാടിയില്‍ 150ലധികം പേര് പങ്കെടുത്തു എന്നി കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി. കൊച്ചി ഡി.സി.പിക്ക് യൂത്ത് കോണ്‍ഗ്രസ് പരാതി നല്കി.
‘അമ്മ’യുടെ പുതിയ ബഹുനില കെട്ടിടം മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നാണ് ശനിയാഴ്ച ഉദ്ഘാടനം ചെയ്തത്. 10 കോടി രൂപയാണ് നിര്‍മ്മാണചെലവ്.
സംഘടന പ്രവര്‍ത്തനം ആരംഭിച്ച് 25 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് ആസ്ഥാനമന്ദിരം പൂര്‍ത്തീകരിച്ചിരിക്കുന്നത്. അഞ്ച് നിലയുള്ള കെട്ടിടം നവീകരിച്ചാണ് അമ്മ ആസ്ഥാന മന്ദിരമായി തയ്യാറാക്കിയിരിക്കുന്നത്. നടീനടന്മാര്ക്ക് സൗകര്യമായിരുന്ന് കഥകള്‍ കേള്‍ക്കാനുള്ള സൗകര്യം ഉള്‍പ്പടെ കെട്ടിടത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്.
2019 നവംബറിലായിരുന്നു കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. പണി പൂര്‍ത്തിയാക്കാനായി ആറു മാസത്തെ സമയ പരിധിയാണ് അന്ന് നിശ്ചയിച്ചിരുന്നത്. കൊവിഡ് പ്രതിസന്ധികള്‍ രൂക്ഷമായതോടെ പണി നീണ്ടുപോകുകയായിരുന്നു.
അതേസമയം ഉദ്ഘാടന വേളയില്‍ ട്വന്റി-20 മാതൃകയില്‍ സിനിമ നിര്‍മ്മിക്കുമെന്നും ഭാരവാഹികള്‍ പ്രഖ്യാപിച്ചു. പ്രിയദര്ശന് സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലറിന്റെ കഥയും തിരക്കഥയും സംഭാഷണവും ടി.കെ രാജീവ് കുമാറാണ്.
ആന്റണി പെരുമ്പാവൂര്‍ ആയിരിക്കും ചിത്രം നിര്‍മ്മിക്കുക. അമ്മ സംഘടനയിലെ 140 താരങ്ങള്‍ ഈ സിനിമയില്‍ അഭിനയിക്കും. സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കായിട്ടുള്ള ധനശേഖരണാര്‍ത്ഥമാണ് ചിത്രം ഒരുക്കുന്നത്.