കണ്ണൂർ കണ്ണവത്ത് വന്‍ ആയുധശേഖരം പിടികൂടി
കണ്ണൂര്‍: കൂത്തുപറമ്പിനു സമീപം കണ്ണവത്ത് ആയുധശേഖരം പിടികൂടി. കണ്ണവം കള്ളുഷാപ്പിനു സമീപത്തെ ശിവജി നഗറിലെ ശ്രീ നാരായണ മന്ദിരത്തിന് സമീപം ആളൊഴിഞ്ഞ പറമ്പില്‍ നിര്‍ത്തിയിട്ട ടെംപോ ട്രാവലറില്‍ നിന്നാണ് ആറ് കൊടുവാളുകളും ഒരു സ്റ്റീല്‍ ബോംബും കണ്ടെടുത്തത്. ശ്രീജിത്ത് എന്നയാളുടെ പറമ്പില്‍ ഉപേക്ഷിച്ച നിലയിലുള്ള KL 13 A 2027 നമ്പര്‍ ടെംപോ ട്രാവലറില്‍ സൂക്ഷിച്ച നിലയിലായിരുന്നു കൊടുവാളുകള്‍. തൊട്ടടുത്ത പറമ്പിലെ കരിങ്കല്‍ക്കെട്ടിന്റെ ഇടയിലാണ് സ്റ്റീല്‍ ബോംബ് ഉണ്ടായിരുന്നത്. ഒരു സ്റ്റീലിന്റെ ഒഴിഞ്ഞ കണ്ടെയ്നറും ചണനൂലും കണ്ടെത്തിയിട്ടുണ്ട്. രണ്ടുവര്‍ഷത്തോളമായി ഉപേക്ഷിച്ച നിലയില്‍ നിര്‍ത്തിയിട്ട വാഹനത്തിലാണ് ആയുധ ശേഖരം. കണ്ണവം പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
കണ്ണൂര്‍ സിറ്റി പോലിസ് കമ്മീഷണര്‍ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണവം സിഐ കെ സുധീറും സംഘവും ബോംബ്, ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെ നടത്തിയ തിരിച്ചിലിലാണ് ആയുധ ശേഖരം പിടിച്ചെടുത്തത്. പോലിസും ബോംബ്, ഡോഗ് സ്ക്വാഡും സമീപത്തെ പൂഴിയോട് കോളനിയിലും മറ്റും പരിശോധന നടത്തി.